അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുവനന്തപുരം സെട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന വിളംബര ജാഥ വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. ആയുര്‍വേദ കോളേജ് മുതല്‍ രക്തസാക്ഷി മണ്ഡപം വരെ നീളുന്നതാണ് വിളംബര ജാഥ.

2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ച് വരികയാണ്. ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ യോഗയുടെ പ്രാധാന്യം വളരെ വലുതാണ്. ജീവിതശൈലീ വ്യതിയാനം കാരണം വളരെ ചെറിയ പ്രായത്തില്‍ തന്നെ അനാരോഗ്യമായ ഹൃദയത്തിനുടമയാകുകയാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഇത്തവണത്തെ യോഗ ദിന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സമൂഹ യോഗ പരിശീലനം, ആരോഗ്യ പ്രഭാഷണങ്ങള്‍, ശില്‍പശാലകള്‍, റോഡ് ഷോ, കലാപരിപാടികള്‍ എന്നിവ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ യോഗ പരിശീലനം നടത്തും. 

യോഗ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരാഴ്ചയായി വിവിധ പരിപാടികളാണ് നടന്നു വരുന്നത്. ജില്ലകളില്‍ സെമിനാറുകള്‍, വൃദ്ധജനാരോഗ്യ സംരക്ഷണ യോഗ, സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി യോഗ, സാന്ത്വന പരിചരണത്തിനും പരിചരണം നടത്തുന്നവര്‍ക്കുമുള്ള യോഗ തുടങ്ങി സമൂഹത്തിലെ നിരവധി തലങ്ങളിലുള്ളവര്‍ക്ക് യോഗ പരിശീലനം നടക്കുന്നു. ഇതോടൊപ്പം കഴിഞ്ഞ ഒരാഴ്ചയായി മ്യൂസിയം പരിസരത്ത് ബഹുജനങ്ങള്‍ക്ക് യോഗ പരിശീലനവും നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *