മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി പാറശാല താലൂക്ക് ആശുപത്രി

മാലിന്യ സംസ്‌കരണത്തില്‍ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കി പാറശാല താലൂക്ക് ആശുപത്രി ശ്രദ്ധനേടുന്നു. ബയോഗ്യാസ് പ്ലാന്റ്, ബയോപാര്‍ക്ക്, ഏറോബിക് ബിന്നുകള്‍ തുടങ്ങിയവ മാലിന്യ സംസ്‌കരണത്തിനായി ആശുപത്രിയില്‍ തുടങ്ങിയ പ്രധാന പദ്ധതികളാണ്.

അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംഭരിക്കുന്നതിനുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി യൂണിറ്റാണ് ബയോപാര്‍ക്ക്. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ഫര്‍ണിച്ചര്‍ വേസ്റ്റ്, ലോഹവസ്തുക്കള്‍ തുടങ്ങിയവ ഇതുവഴി തരംതിരിച്ച് സംഭരിക്കാനാകും. വേര്‍തിരിക്കുന്ന പ്ലാസ്റ്റിക് കഴുകി ഉണക്കി പാറശാല പഞ്ചായത്തിന്റെ കളക്ഷന്‍ സെന്ററില്‍ എത്തിക്കുകയും മറ്റു വസ്തുക്കള്‍ വിവിധ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററാണ് ഈ യൂണിറ്റ് നിര്‍മിച്ചത്.

ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് ബയോഗ്യാസ് പ്ലാന്റില്‍ സംസ്‌കരിക്കുന്നത്. ഇതില്‍നിന്നു ലഭിക്കുന്ന ഗ്യാസ് ആശുപത്രിയുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു.

എം.ആര്‍.എഫ് യൂണിറ്റിനോട് ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള ഏറോബിക് ബിന്നുകളില്‍ ആശുപത്രി വാര്‍ഡുകളില്‍ എത്തുന്ന ജൈവ മാലിന്യം സംസ്‌കരിച്ച് വളമാക്കുകയും ആശുപത്രിയുടെ  കൃഷിത്തോട്ടത്തില്‍ത്തന്നെ ഉപയോഗിക്കുകയും ചെയ്യും. ഏറോബിക് ബിന്നില്‍ സംസ്‌കരിക്കാന്‍ കഴിയാത്ത ഉണങ്ങിയ ഇലകള്‍, പേപ്പര്‍ അവശിഷ്ടങ്ങള്‍ തുടങ്ങിയവ കത്തിച്ചു കളയുന്നതിന് ഇന്‍സിനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.

മലിനജല സംസ്‌കരണത്തിനായുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.  നാഷണല്‍ ഹെല്‍ത്ത് മിഷനാണ് നിര്‍മാണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *