ശബരിമല ശരണമന്ത്രജപം: വാര്‍ത്ത വ്യാജം തന്നെ – ഗൂഢാലോചന അന്വേഷിക്കുമെന്ന് വനംമന്ത്രി അഡ്വ കെ.രാജു

ശബരിമല തീര്‍ത്ഥാടകരുടെ ശരണമന്ത്രജപം ശബ്ദമലിനീകരണമുണ്ടാക്കുന്നതായി വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജവും അങ്ങേയറ്റം അപലപനീയവുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു അറിയിച്ചു. സര്‍ക്കാരിനെയും വനംവകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണോ ഇതിനു പിന്നിലെന്ന് സംശയമുണ്ട്. ഇതെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ഓണ്‍ലൈനിലും ചില പത്രങ്ങളിലുമാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ശബരിമല തീര്‍ത്ഥാടകര്‍ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വനം വകുപ്പ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നായിരുന്നു വാര്‍ത്തകളിലെ അടിസ്ഥാനരഹിതമായ ആരോപണം. വനംവകുപ്പ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയോ കേന്ദ്രസര്‍ക്കാരിനോ ഏതെങ്കിലും ഏജന്‍സികള്‍ക്കോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. വനം വകുപ്പ് സ്വന്തമായോ മറ്റേതെങ്കിലും ഏജന്‍സികള്‍ മുഖേനയോ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണത്തിന് ശേഷം വാര്‍ത്ത വ്യാജമാണെന്ന് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് നല്കിയിരുന്നെങ്കിലും വനംവകുപ്പിന്റേതെന്ന വ്യാജേന ഒരു പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതം മന്ത്രിയുടെ വാദം തെറ്റെന്ന് ഒരു മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ 2014 ല്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇക്കോ ടൂറിസം ( ഇക്കോ ടൂറിസം – ഇവാല്യുവേറ്റീവ് സ്റ്റഡി ഓണ്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് കേരള ) എന്ന പേരില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത പേജാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട് എന്ന വ്യാജേന വാര്‍ത്തയ്ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്നത്. പ്രബന്ധം http://shodhganga.inflibnet.ac.in:8080/jspui/handle/10603/23393 എന്ന ലിങ്കില്‍ ലഭ്യമാണ്.

ഇതിലെ മൂന്നാം അധ്യായത്തിലെ 89-മത്തെ പേജില്‍, പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളുടെ സൂക്ഷ്മാവലോകനത്തിലാണ് മാധ്യമങ്ങളില്‍ വന്ന ‘noise pollution by chanting the religious slogans’ എന്ന നിരീക്ഷണമുള്ളത്. പ്രബന്ധത്തിലെ തീരെ ചെറിയ ഒരു വരിമാത്രമെടുത്ത് ഇക്കാര്യം വിവാദമാക്കുയാണ് ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അക്കാലത്ത് ഈ സര്‍ക്കാരായിരുന്നില്ല നിലവിലെന്നും ഓര്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം മുതലെടുത്ത് ശബരിമല വിഷയം വിവാദമാക്കി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് സംശയമുണ്ട്. നിക്ഷിപ്ത താല്പര്യക്കാരുടെ ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം അസത്യ പ്രചാരണം നടത്തുന്നതിന് മുൻപ് ഔദ്യോഗിക സ്ഥിരീകരണം തേടുന്നതിന് മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്തകളെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *