ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ 16-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിട്ടറി നാപ്കിനും ഉപയോഗിച്ച നാപ്കിന്‍ പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നിര്‍മ്മാര്‍ജനം ചെയ്യുന്ന ഇന്‍സിനറേറ്ററും കൂടാതെ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അവബോധന പരിപാടിയും ഉള്‍ക്കൊള്ളിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ‘ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി’. സമഗ്രമായ രീതിയില്‍ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. പരീക്ഷണാര്‍ത്ഥം ആരംഭിച്ച പദ്ധതിയുടെ വന്‍ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ച് സമഗ്രമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിനികളുടെ പഠന വേളയിലെ ആര്‍ത്തവകാല ശുചിത്വം കൃത്യമായി പാലിക്കുന്നതിനും അതുവഴി അവരുടെ പ്രജനന ആരോഗ്യം പരിരക്ഷിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതി പൊതുജനാരോഗ്യ രംഗത്തെ മികച്ച കാല്‍വയ്പ്പാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ 1,200 സ്‌കൂളുകളില്‍ ഷീ പാഡ് വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇവയില്‍ 250 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവശുചിത്വ അവബോധ പരിശീലനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രാസ്റ്റിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *