വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

* പൂര്‍ണമായും ഹരിതചട്ടം പാലിക്കും
* സുരക്ഷയ്ക്ക് മുങ്ങല്‍ വിദഗ്ധരുടെ പ്രത്യേക സംഘം

ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം.  ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. വര്‍ക്കല, ശംഖുമുഖം, തിരുവല്ലം, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളിലായി ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കും. കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളില്‍ കുടിവെള്ളം ഉള്‍പ്പടെയുള്ള അവശ്യ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും.

ബലിതര്‍പ്പണത്തിനായി ഏറ്റവുമധികം പേരെത്തുന്ന വര്‍ക്കലയില്‍ മൂന്നു മെഡിക്കല്‍ സംഘങ്ങളിലായി അഞ്ചു ഡോക്ടര്‍മാരുടെയും മൂന്ന് ആംബുലന്‍സുകളുടെയും സേവനം ലഭ്യമാക്കും. മെഡിക്കല്‍ ടീമിന്റെയും കണ്ട്രോള്‍ റൂമിന്റെയും നമ്പറുകള്‍ വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അപകട മുന്നറിയിപ്പു നല്‍കുന്നതിനും ദിശ മനസിലാക്കുന്നതിനുമായി പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിക്കും.  വര്‍ക്കല, ശംഖുമുഖം എന്നിവിടങ്ങളില്‍ 70 ലൈഫ് ഗാര്‍ഡുമാരുടെയും മുങ്ങല്‍ വിദഗ്ധരുടെയും സേവനം ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്നിവരുടെ പ്രത്യേക സംഘം വാവുബലി കേന്ദ്രങ്ങളില്‍ കണ്ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. പ്രദേശത്തെ സുരക്ഷാ ചുമതല പൊലീസിനായിരിക്കും. മുടക്കം കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി സൗകര്യമൊരുക്കും.  

ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി കര്‍ക്കിടക വാവുബലി പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷണ വിതരണത്തിനായി നഗരസഭയുമായി സഹകരിച്ച് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. എല്ലാ പ്രദേശങ്ങളിലും ജലലഭ്യത ഉറപ്പാക്കാന്‍ ജല അതോറിറ്റിക്കു നിര്‍ദേശം നല്‍കി. അനധികൃത ഭക്ഷ്യ വിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താത്കാലിക ഭക്ഷ്യ ലൈസന്‍സ് ഏര്‍പ്പെടുത്തും. പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധനയുമുണ്ടാകും.

ഉച്ചഭാഷിണിയുടെ നിയന്ത്രണം മലിനീകരണ നിയന്ത്രണ ബോര്‍ഡിനായിരിക്കും. അവശ്യമെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്കും പരിശോധന നടത്താം. അരുവിക്കര, തിരുവല്ലം എന്നീ പ്രദേശങ്ങളില്‍ ജലനിരപ്പ് നിയന്ത്രിക്കാനും തിരുവല്ലത്തെ താത്കാലിക പാലത്തിന്റെ സുരക്ഷാ പരിശോധന നടത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.  എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *