തിരുവനന്തപുരത്ത് മേയ് 10ന് പ്രവാസികളെത്തും; ഒരുക്കങ്ങൾ പൂർണം

മെയ് 10 രാത്രി 10.45 ന് ദോഹയിൽ നിന്നുള്ള വിമാനത്തിൽ 182 പേർ തിരുവനന്തപുരത്തെത്തും. ഇവരെ സ്വീകരിക്കാനുള്ള സജജീകരണങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർത്തിയായി. മെയ് 10 രാവിലെ 11ന് അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രിൽ നടത്തും. പ്രധാനമായും തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് യാത്രക്കാർ. എയർപോർട്ടിലെ പരിശോധനകൾക്കു ശേഷം ഇവരെ ബന്ധപ്പെട്ട ജില്ലകളിലെത്തിച്ച് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. വേഗത്തിൽ ശരീരോഷ്മാവ് കണ്ടെത്താൻ സഹായിക്കുന്ന തെർമൽഫെയ്സ് ഡിറ്റക്ഷൻ ക്യാമറ എയർപോർട്ടിൽ സ്ഥാപിച്ചു. ആരോഗ്യ പരിശോധന നടത്തി രോഗലക്ഷണമില്ലെന്ന് ഉറപ്പായാൽ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി വിമാനത്താവളത്തിൽ ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിച്ചു.

രോഗലക്ഷണങ്ങളുള്ളവരെ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ കെ.എസ്.ആർ.ടി.സി.ബസിൽ പോലീസ് അകമ്പടിയോടെ ബന്ധപ്പെട്ട ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. തുടർന്ന് സർക്കാർ മാർഗനിർദ്ദേശമനുസരിച്ചുള്ള നിരീക്ഷണ കാലം പൂർത്തിയാക്കണം. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ എന്നിവർ എയർ പോർട്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.

Leave a Reply