2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ച് ഭിന്നശേഷി: ഒരവലോകനം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലിള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എന്ന സ്ഥാപനത്തിന്റെ (നിഷ്) പുതിയൊരു ചുവടു വയ്പാണ് 2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ച് ഭിന്നശേഷി: ഒരവലോകനം (DISABILITY: AN OVERVIEW IN THE CONTEXT OF RIGHTS OF PERSONS WITH DISABILITIES (RPwD) ACT, 2016) എന്ന പുസതകം. പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഇത്തരം ഒരു സംരഭം ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നിഷ് തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രകാശനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

അംഗപരിമിത അവകാശ നിയമ പ്രകാരം (ആര്‍.പി.ഡബ്ല്യു.ഡി.ആക്ട് 2016) ഭിന്നശേഷിക്കാരനായ ഏതൊരാളിനും മറ്റേതൊരു പൗരനും ലഭ്യമായ അവകാശങ്ങളും കൂടാതെ അവര്‍ക്കായി രൂപീകരിച്ച പ്രത്യേക പരിഗണനകളും നിലവില്‍ ഉണ്ട്. ഭിന്നശേഷിക്കാര്‍ക്കുളള ഈ പരിഗണനകളും അവകാശങ്ങളും വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. രാജ്യത്ത് ആരോഗ്യ, പാരാമെഡിക്കല്‍, ഭിന്നശേഷി മേഖലകളിലെ 43 പ്രമുഖര്‍ ചേര്‍ന്നാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അംഗപരിമിത അവകാശ നിയമം, 2016 നിര്‍ദ്ദേശിച്ചിട്ടുള്ള 21 വൈകല്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. കൂടാതെ ഈ നിയമത്തിന്റെ വിവിധ വശങ്ങള്‍, ജോലിസ്ഥലങ്ങളില്‍ നടപ്പാക്കേണ്ട ഭിന്നശേഷി അവബോധ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിയെ സംബന്ധിച്ച മന:ശാസ്ത്രപരമായ കാഴ്ചപ്പാട്, ഭിന്നശേഷിയെ കുറിച്ചുള്ള സമഗ്രമായ സമീപനം, എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന 7 അധ്യായങ്ങളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

2016 ഡിസംബറിലാണ് ഭാരതസര്‍ക്കാരിന്റെ അംഗപരിമിത അവകാശ നിയമം 2016 നിലവില്‍ വന്നത്. 1995ല്‍ രൂപീകരിച്ച പി.ഡബ്ല്യു.ഡി. ആക്ടിന്റെ (Persons with Disabiltiy) പരിഷ്‌കരിച്ച രൂപമാണ് ആര്‍.പി.ഡബ്ല്യു.ഡി.ആക്ട് 2016. വിദ്യാഭ്യാസപരമായും, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലും നിയമ മേഖലയിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സ്ഥാപിക്കുകയും സംരക്ഷിക്കുകയുമാണ് ഈ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യം. 

2007ല്‍ ഏഷ്യയിലും പസഫിക് രാജ്യങ്ങളിലുമുള്ള ഭിന്നശേഷിക്കാരുടെ എല്ലാമേഖലയിലുമുള്ള തുല്യവകാശ സംരക്ഷണവും, പൂര്‍ണ പങ്കാളിത്തവും ഉറപ്പു വരുത്തുന്ന യുണൈറ്റഡ് നേഷന്‍ കണ്‍വെന്‍ഷനില്‍ (UNCRPD) ഇന്ത്യ ഒപ്പുവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഭാരതസര്‍ക്കാര്‍ ആര്‍.പി.ഡബ്ല്യു.ഡി.ആക്ട് 2016ല്‍ നടപ്പിലാക്കിയത്.

ഭിന്നശേഷി മേഖലയില്‍ പലതരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിയമമാകുന്നതോടെ തെറാപ്പി സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.

കേരള സര്‍ക്കാര്‍ വളരെ നേരത്തെ തന്നെ 22 തരം ഭിന്നശേഷികളെ കുറിച്ച് സര്‍വ്വെ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ശ്രുതി തരംഗം, കാതോരം തുടങ്ങിയ പല പ്രോജക്ടുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിവരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു തുടര്‍ച്ചയാണ് ഈ പുസ്തകം. ആരോഗ്യ രംഗത്തെയും പാരാമെഡിക്കല്‍, ഭിന്നശേഷി മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ പുസ്തകം ശ്രവണവൈകല്യം, അന്ധത, പാര്‍ക്കിണ്‍സണ്‍സ്, ഓട്ടിസം തുടങ്ങി എല്ലാ ഭിന്നശേഷികളെയും കുറിച്ച് ആഴത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഭരണകര്‍ത്താക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സാമൂഹ്യ നീതി രംഗത്തെ ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഈ പുസ്തകം ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യത്തേതാണ്.

സാമൂഹിക നീതി വകുപ്പു തയ്യാറാക്കിയ കേരളാ സര്‍ക്കാറിന്റെ അംഗപരിമിത
അവകാശ നിയമം 2016 ചട്ടങ്ങളുടെ കരടുരേഖയും പൊതുജനാഭിപ്രായത്തിനായി ഇതോടൊപ്പം മന്ത്രി പ്രകാശനം ചെയ്തു.

ഈ ആക്ട് പ്രകാരം കേരള സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ചട്ടങ്ങളുടെ കരടു രേഖ പൊതുജനാഭിപ്രായത്തിനായി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് മന്ത്രി അറിയിച്ചു. ആഗസ്റ്റ് 3 വരെ കിട്ടുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ച് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതാണ്. ഇതിന് തുടര്‍ച്ചയായി ഒരു ദേശീയ ശില്പശാല ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ നിഷില്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. 

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *