ആറ്റിങ്ങല്‍ സ്റ്റീല്‍ ഫ്ക്ടറിയില്‍ 20 കോടി രൂപയുടെ ടൂള്‍ റൂം സ്ഥാപിക്കും: ബി. സത്യന്‍ എം.എല്‍.എ

ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറിയില്‍ 20 കോടി രൂപയുടെ ടൂള്‍ റൂം സ്ഥാപിക്കുമെന്ന് ബി. സത്യന്‍ എം.എല്‍.എ പറഞ്ഞു.  കേന്ദ്ര സര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റീല്‍ ഫക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് നടപടി.  
സ്റ്റീല്‍ ഫാക്ടറി നവീകരണം സംബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് കേന്ദ്ര സൂക്ഷ്മ ചെറുകിട വ്യവസായ വകുപ്പിന് (എം.എസ്.എം.ഇ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് 20 കോടി രൂപയുടെ അനുമതി ലഭിച്ചത്.   എം.എസ്.എം.ഇ യുടെ പി.പി.ഡി.സി. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പനീര്‍ശെല്‍വം ഓഗസ്റ്റില്‍ ആറ്റിങ്ങലില്‍ നേരിട്ടെത്തി പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കും.  രണ്ട് മാസത്തിനുള്ളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.  
എം.എല്‍.എയുടെ നേതൃത്വത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് 20 കോടിയുടെ ടൂള്‍ റൂം സ്ഥാപിക്കുന്ന കാര്യം എം.എസ്.എം.ഇ അധികൃതര്‍  അറിയിച്ചത്.  വ്യാവസായിക സംരംഭകര്‍ക്ക് മെഷിനറികളും ഉല്‍പ്പാദനോപാധികളും നിര്‍മിക്കുന്നതിനുള്ള ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ടൂള്‍ റൂമിലൂടെ സാധിക്കും.  അറ്റിങ്ങലില്‍ ഇത്തരം പദ്ധതി യാഥാര്‍ഥ്യമാകുന്നത് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകുമെന്നും ബി. സത്യന്‍ എം.എല്‍.എ പറഞ്ഞു.  
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജു, ജോയിന്റ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍, എം.എസ്.എം.ഇ. അഡീഷണല്‍ ഡയറക്ടര്‍ ബാബുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പ്രവീണ്‍, സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *