പൊൻമുടി അപ്പർ സാനിട്ടോറിയം റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും

പൊൻമുടി അപ്പർ സാനിട്ടോറിയത്തിലേക്കുള്ള റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും. റോഡ് നിർമാണം സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനും വനം വകുപ്പിനും ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി. വെള്ളറട വില്ലേജ് ഓഫിസിന്റെ നിർമാണം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

ഡി.കെ. മുരളി എം.എൽ.എയാണ് അപ്പർ സാനിട്ടോറിയം റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചത്. റോഡ് വികസനം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൊതുമരാമത്തു വകുപ്പും വനം വകുപ്പും ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകണം. പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതു സംബന്ധിച്ച മേൽനോട്ടത്തിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.

പാറശാല മണ്ഡലത്തിലെ പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചത് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മികവിന് ഉദാഹരണമാണെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. പറഞ്ഞു. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ എം.എൽ.എ. അനുമോദിച്ചു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽപ്പെടുത്തി പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരുന്നു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ മറ്റു വികസന പദ്ധതികളും ചർച്ച ചെയ്തു. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. വി.ആർ. വിനോദ്, ജില്ലാ പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, എം.പിമാരുടേയും എം.എൽ.എമാരുടേയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *