കപ്പടിച്ച് പുരാവസ്തുവകുപ്പ്

ഓണം വാരാഘോഷ സമാപന സാംസ്‌കാരിക ഘോഷയാത്രയിൽ സർക്കാർ വിഭാഗത്തിൽ പുരാവസ്തു വകുപ്പിന്റെ ഫ്‌ളോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ഓണാട്ടുകരയിലെ കെട്ടുത്സവങ്ങളുടെ’ മാതൃകയാണ് പുരാവസ്തു വകുപ്പ് അവതരിപ്പിച്ചത്.  പ്രളയ ദുരിതാശ്വാസത്തിനായി കാര്യക്ഷമമായി പ്രവർത്തിച്ച കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫ്‌ളോട്ടിനാണ് രണ്ടാം സ്ഥാനം.

ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങളെ കൗകുകകരമായി അവതരിപ്പിച്ച  ഐ.എസ്.ആർ.ഒ കേന്ദ്ര സർക്കാർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ ‘ജീവനുള്ള കിള്ളിയാർ’ എന്ന വിഷയത്തെ ആസ്പദമാക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ ഫ്‌ളോട്ട് ഒന്നാം സ്ഥാനവും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച അവതരിപ്പിച്ച തിരുവനന്തപുരം കോർപ്പറേഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സഹകരണ-ബാങ്കിംഗ് മേഖലാ വിഭാഗത്തിൽ തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ഒന്നാം സ്ഥാനം നേടി. നെടുമങ്ങാട് സഹകരണ യൂണിയനാണ് രണ്ടാം സ്ഥാനം.

കേരള ഓട്ടോമൊബൈൽസിനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം. കെ.എസ്.എഫ്.ഇ രണ്ടാമതെത്തി. ഇതര സർക്കാർ സ്ഥാപനങ്ങളിൽ ഹരിതകേരളവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഘോഷയാത്രയിലെ ഏറ്റവും മികച്ച ദൃശ്യ കലാരൂപമായി കിളിമാനൂർ അനിൽ ആർട്‌സിന്റെ ബൊമ്മപൊലിമ തെരഞ്ഞെടുക്കപ്പെട്ടു. അഗസ്ത്യാർ സിദ്ധമർമ കളരിയുടെ കളരിപ്പയറ്റാണ് രണ്ടാം സ്ഥാനം നേടിയത്.

ശ്രവ്യ കലാരൂപങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം ഹൈനസ് സാംസ്‌കാരിക സമിതിയുടെ ചെണ്ടമേളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. മണ്ണന്തല ഷാജി സുധാകരപണിക്കരും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തിന് രണ്ടാംസ്ഥാനവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *