നാടൻ കലകളുടെ വിസ്മയവാരം

ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വേദികളിൽ കഴിഞ്ഞ ഏഴുദിവസം അരങ്ങേറിയത് നാടൻ കലകളുടെ വർണവിസ്മയം. ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായതും സാധാരണഗതിയിൽ അപ്രാപ്യവുമായ നിരവധി നാടൻകലകൾ കനകക്കുന്നിലെ തിരുവരങ്ങ്, സോപാനം വേദികളെ വ്യത്യസ്തമാക്കി.

നിണബലി, കണ്യാർകളി, സീതക്കളി, ഭദ്രകാളിപ്പാട്ട്, കോതാമൂരിയാട്ടം, കാക്കാരിശ്ശി നാടകം, പാഠകം, അർജുനനൃത്തം, വാണിയക്കോലം, തിരിയുഴിച്ചിൽ തുടങ്ങി പുതുതലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത മുപ്പതോളം അപൂർവ കലകളാണ് ഇത്തവണത്തെ ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്. ഇവ ആസ്വാദകർക്ക് നവ്യാനുഭവമായി. ചന്ദ്രശേഖര മാരാർ, കലാമണ്ഡലം അഭിജോഷ്, ടി. ചന്തുപ്പണിക്കർ ഉൾപ്പടെ ഓരോ മേഖലയിലെയും പ്രശസ്തരും അറിയപ്പെടുന്ന കലാസംഘങ്ങളുമാണ് ഓരോ വേദിയെയും സമ്പന്നമാക്കിയത്.

പൊറാട്ടുനാടകം, തെയ്യം, മുടിയേറ്റ്, തിറയും പൂതനും, അലാമിക്കളി, പരുന്താട്ടം, പടയണി, അഷ്ടപതി, ഗന്ധർവൻപാട്ട് എന്നിവയ്ക്കും ആസ്വാദകർ ഏറെയായിരുന്നു. ആഘോഷമെന്നതിലുപരി അറിവു പകരുന്നതു കൂടിയായിരുന്നു നാടൻ കലകളുടെ സംഗമം. ആസ്വദകനിരയിൽ വിദേശികളുടെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധേയമായി.

ഓണപ്പൂവിളിയും പഴമയുടെ സുഗന്ധവുമൊന്നും അധികം അറിഞ്ഞിട്ടില്ലാത്ത ‘ന്യൂജനു’കൾക്ക് സംസ്ഥാന സർക്കാർ ഇത്തവണയൊരുക്കിയ ഓണകാഴ്ചവട്ടം വിസ്മയകരമായി. ഓർമയിലെ ആ നല്ലകാലം മലയാളി ഉള്ളടത്തോളം ഇനിയുമിനിയുമുണ്ടാകും എന്ന തിരിച്ചറിവ് ഈ പ്രളയാനന്തര പുനർനിർമാണ ഘട്ടത്തിൽ നൽകുന്ന പ്രത്യാശ ചെറുതല്ല എന്ന് ഓണക്കാഴ്ച കണ്ടുമടങ്ങുന്ന മുഖങ്ങൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *