ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിതരണം ചെയ്തു

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ശുഭയാത്ര പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് കെ.എസ്.ടി.എ. ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 35 പേര്‍ക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്തത്.

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടത്തി വരുന്ന ഏറ്റവും മികച്ച പദ്ധതിയാണ് ശുഭയാത്രയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ 8 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാരില്‍ 2.63 ലക്ഷം പേര്‍ ചലനപരിമിതി നേരിടുന്നവരാണ്. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനാണ് ശുഭയാത്ര പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 883 പേര്‍ക്ക് മൊട്ടോറൈസ്ഡ് സ്‌കൂട്ടര്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ട്രൈ സ്‌കൂട്ടര്‍, ഇലക്‌ട്രോണിക് വീല്‍ചെയര്‍, മാനുവല്‍ വീല്‍ചെയര്‍ തുടങ്ങി നിരവധി സഹായ ഉപകരണങ്ങളാണ് നല്‍കി വരുന്നത്. ഈ വിഭാഗത്തിന്റെ ചലന സ്വാതന്ത്ര്യം ഉറപ്പു വരുത്തി ഇവരെ പുനരധിവാസത്തിലേക്ക് നയിക്കുന്നതിനുള്ള സ്വയംതൊഴില്‍ വായ്പ, ധനസഹായം എന്നിവയും ഇതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തതപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായ ചടങ്ങില്‍ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതമാശംസിച്ചു. എം.ഡി. കെ. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ടവതരിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ തമ്പി, കേരള ആട്ടോമൊബൈല്‍സ് ചെയര്‍മാന്‍ കരമന ഹരി, മാനേജര്‍ അജിത്കുമാര്‍, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഒ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡംഗം ഗിരീഷ് കീര്‍ത്തി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *