വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് പൂര്‍ണമായും ഫലപ്രാപ്തിയിലെത്താന്‍ പൊതുജന പിന്തുണ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വയോജന ദിനാചരണം വഴുതക്കാട് ജവഹര്‍ സഹകരണ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യവും വയോജനങ്ങളുടെ എണ്ണവും വര്‍ധിക്കുക്കുന്നത് സന്തോഷകരമായ കാര്യമാണ്. അതനുസരിച്ചുള്ള ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് വരുന്നത്. സാമൂഹിക സാമ്പത്തിക പരിഗണന കൂടാതെ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സായംപ്രഭ, വയോമിത്രം എന്നീ പദ്ധതികളിലൂടെ വയോജന മേഖലയുടെ പുരോഗതിയ്ക്കായി സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടപെടലുകളാണ് നടത്തുന്നത്. കേരളത്തിലെ 93 നഗര പ്രദേശങ്ങളില്‍ നടപ്പിലാക്കിയ വയോമിത്രം പദ്ധതി ഗ്രാമ പ്രദേശങ്ങളില്‍ കൂടി വ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വയോജന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പുസ്തക പ്രകാശനവും പുരസ്‌കാര വിതരണവും ഇതോടൊപ്പം നടന്നു. വയോജനങ്ങളുടെ പരാതി പരിഹാരത്തിനായി സ്ഥാപിച്ച മെയിന്റനന്‍സ് ട്രൈബ്യൂണുകളില്‍, കൊല്ലം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ മികച്ച പ്രവര്‍ത്തനത്തിലുള്ള പുരസ്‌കാരം കരസ്ഥമാക്കി. മന്ത്രിയില്‍ നിന്ന് ആര്‍.ഡി.ഒ. അനുപം മിശ്ര പുരസ്‌കാരം ഏറ്റുവാങ്ങി. ഫീല്‍ഡ് വിസിറ്റിംഗ് ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തനം നടത്തിയ കോട്ടയം മെയിന്റനന്‍സ് ട്രൈബ്യൂണിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.എച്ച്. ചിത്രയ്ക്ക് മന്ത്രി ഉപഹാരം നല്‍കി.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം അമരവിള രാമകൃഷ്ണന്‍, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ മുകുന്ദന്‍ യു. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *