ഒക്‌ടോബര്‍: ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കേരളമൊട്ടാകെ നടപ്പിലാക്കുന്ന ശബ്ദസുരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേള്‍സ് സ്‌കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ബാബു ഐ.എ.എസ്. നിര്‍വഹിച്ചു. നാഷണല്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, ഐ.എം.എ. ചെയര്‍മാന്‍ ഡോ. ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഷൈന്‍മോന്‍ എം.കെ., ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മനോജ്, ഐ.എം.എ. മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍. അനുപമ, ട്രഷറര്‍ ഡോ. സിബി കുര്യന്‍, ജോ. സെക്രട്ടറി ഡോ. സ്വപ്ന കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശബ്ദ സുരക്ഷാ മേഖലയായി മാറ്റുന്നതിന്റെ തുടക്കമായിട്ടാണ് ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം കുറിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികളും ഇതിന്റെ ദോഷഫലങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ മുന്‍ കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിത ശബ്ദത്തെപ്പറ്റിയുള്ള ബോധവത്ക്കരണ വീഡിയോ വിക്‌ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം സംപ്രേഷണം ചെയ്ത് ലോകത്തിന് തന്നെ മാതൃകയായി.

ഐ.എം.എ.യുടെ നേതൃത്വത്തില്‍ ശബ്ദമലിനീകരണവും അതിന്റെ ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയും സുരക്ഷിത ശബ്ദത്തെപ്പറ്റിയുമുള്ള സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നതാണെന്ന് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ പ്രസ്താവിച്ചു. കൂടുതല്‍ വിവരങ്ങള്‍ എല്ലാ സ്‌കൂളുകളേയും ഉടന്‍ തന്നെ അറിയിക്കുന്നതാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട ലഘുലേഖയുടേയും ടൈം ടേബിള്‍ കാര്‍ഡിന്റേയും പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *