ഭിന്നതയെ മറികടന്ന് ആകാശം കീഴടക്കി ചരിത്രനേട്ടവുമായി ഭിന്നശേഷിക്കുട്ടികള്‍

ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇന്ദ്രജാല പ്രകടനം നടത്തി ഭിന്നശേഷിക്കുട്ടികള്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലേയ്ക്ക്

തിരുവനന്തപുരം: ചരിത്ര നേട്ടത്തിന്റെ കൊടുമുടി കീഴടക്കി ഭിന്നശേഷിക്കുട്ടികള്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, ഡൗണ്‍ സിന്‍ഡ്രം, അന്ധത തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിഷ്ണു, രാഹുല്‍ പി.ആര്‍, രാഹുല്‍.ആര്‍, ശില്‍പ്പ, ശരണ്യ സതീഷ്, ശ്രീലക്ഷ്മി, ഹരീഷ് ബാബു, ഐശ്വര്യ.എസ്.നായര്‍ എന്നീ കുട്ടികളാണ് തുടര്‍ച്ചയായി ഒരു മണിക്കൂര്‍ ഏഴുമിനിട്ട് ഇന്ദ്രജാല പ്രകടനം അവതരിപ്പിച്ച് അപൂര്‍വ നേട്ടം കൈവരിച്ചത്.

ഇന്ദ്രജാലപ്പൂക്കള്‍ വിരിയിച്ചും അന്തരീക്ഷത്തില്‍ ഉയര്‍ന്നു നിന്ന് പാട്ടുപാടിയും കൈമെയ് ചലനത്തിന്റെ ദ്രുതഗതിയില്‍ ഇവര്‍ സമ്മാനിച്ചത് അനുകരിക്കാനാവാത്ത ദൃശ്യവിരുന്ന്. ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെ നൃത്തവും സംഗീതവും ഇന്ദ്രജാലവും താളമേളങ്ങളും സമന്വയിപ്പിച്ച് വിസ്മയത്തിന്റെ തിരയിളക്കത്തോടെ ഇവര്‍ നടന്നുകയറിയത് പുതിയ നേട്ടത്തിലേയ്ക്ക്.

ഭിന്നശേഷിക്കുട്ടികളുടെ ഇത്രയും മികച്ച പ്രകടനം ദേശീയ തലത്തില്‍ ഇതാദ്യമാണെന്നും ഈ വിസ്മയ പ്രകടനം ഡിസംബര്‍ 26ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുമെന്നും റിക്കോര്‍ഡ്‌സ് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അജുഡിക്കേറ്റര്‍ ഡോ. പ്രദീപ് ഭരദ്വാജ് പറഞ്ഞു. റിക്കോര്‍ഡ്‌സ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി ഭിന്നശേഷിക്കുട്ടികള്‍ക്കും ഗോപിനാഥ് മുതുകാടിനുമായി സമര്‍പ്പിച്ചു.

പുതിയ സ്വപ്നങ്ങളിലേയ്ക്ക് ഈ കുട്ടികള്‍ ചേക്കേറുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡേഴ്‌സായ ഇവര്‍ സര്‍ക്കാരിന് അഭിമാന നേട്ടമുണ്ടാക്കി. ഈ നേട്ടം ഗിന്നസ് ബുക്കിലേയ്ക്കുള്ള ചവിട്ടുപടിയാണെന്നും മന്ത്രി പറഞ്ഞു.

മാജിക് പ്ലാനറ്റില്‍ രാവിലെ 9.45ന് ആരംഭിച്ച പ്രകടനം അവസാനിച്ചത് 10.52നാണ്. പ്രകടനത്തിന് മുമ്പെ തന്നെ മന്ത്രി കുട്ടികളെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍, മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല എന്നിവര്‍ പങ്കെടുത്തു.

സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്രാ പദ്ധതിയുടെ ഭാഗമായി 2017ല്‍ 23 ഭിന്നശേഷിക്കുട്ടികള്‍ക്ക് സൗജന്യമായി ഇന്ദ്രജാല പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേരള ഗവര്‍ണര്‍ സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖര്‍ക്ക് മുമ്പാകെ ഈ കുട്ടികള്‍ അവതരിപ്പിച്ച ഇന്ദ്രജാല പരിപാടി മുക്തകണ്ഠം പ്രശംസയ്ക്ക് പാത്രമാവുകയും കുട്ടികളെ അനുയാത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കുട്ടികള്‍ക്ക് സ്ഥിരമായി മാജിക് പ്ലാനറ്റില്‍ ഇന്ദ്രജാലം അവതരിപ്പിക്കുന്നതിനായി എം പവര്‍ എന്ന പേരില്‍ ഒരു സെന്റര്‍ ആരംഭിക്കുകയും ചെയ്തു. മാജിക് പ്ലാനറ്റില്‍ ദിവസേന എത്തുന്ന ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്ക് മുമ്പില്‍ തങ്ങളുടെ കലാവതരണം മനോഹരമായും ചടുലവേഗത്തോടെ അവതരിപ്പിക്കുകയാണിവര്‍. കാണികളുടെ നിരന്തരമായ പ്രോത്സാഹനം ഈ കുട്ടികളുടെ മാനസിക നിലവാരത്തില്‍ തന്നെ ഗണ്യമായ പുരോഗതിയുണ്ടായതായി കേരള സര്‍ക്കാരിന് കീഴിലുള്ള ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കണ്ടെത്തുകയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *