കളക്ടർ മുൻകൈയെടുത്തു; ഒപ്പംകൂടി ജീവനക്കാരും

ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ മുണ്ട് മടക്കിക്കുത്തി തൂമ്പ കയ്യിലെടുത്ത് മണ്ണിൽ ആഞ്ഞുവെട്ടിയപ്പോൾ കണ്ടുനിന്ന വനിതകൾ ഉൾപ്പടെയുള്ള കളക്ടറേറ്റ് ജീവനക്കാർ ആവേശത്തിലായി. ജില്ലാ ഭരണം മാത്രമല്ല തൂമ്പയും തന്റെ കൈയ്യിൽ ഭദ്രമെന്ന് നിമിഷനേരംകൊണ്ട് കളക്ടർ തെളിയിച്ചു. കൗതുകത്തോടെ നോക്കിനിന്ന ജീവനക്കാർ വലിയ ആവേശത്തോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഒപ്പംചേർന്നു.

അരമണിക്കൂർ കൊണ്ട് കളക്ടറേറ്റ് പരിസരം ക്ലീൻ ക്ലീൻ. തുടർന്ന് നൽകിയ ഗാന്ധിജയന്തി സന്ദേശത്തിൽ പ്രകൃതി സംരക്ഷണം ഒരുദിവസത്തേക്കു മാത്രമായി ഒതുങ്ങരുതെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് പരിസരത്ത് വൃക്ഷതൈ നടുന്നതിനും കളക്ടർ നേതൃത്വം നൽകി.

തുടർന്ന് എ.ഡി.എം വി.ആർ വിനോദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ജീവനക്കാർ ഏറ്റുചൊല്ലി. അസിസ്റ്റന്റ് കളക്ടർ അനുകുമാരി, ഡെപ്യൂട്ടി കളക്ടർമാർ, കളക്ടറേറ്റ് ജിവനക്കാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *