ഗൗഡസരസ്വതരുടെ നവരാത്രി ആഘോഷം

നവരാത്രിയുടെ ആദ്യദിനം ഗൗഡസരസ്വത ബ്രാഹ്മണർക്ക് വളരെ പ്രാധാന്യം ഉള്ള ദിവസമാണ്. അന്നാണ് അവരുടെ ശ്രേയ പാത്രം/അക്ഷയപാത്രം (ഭാണ്) നിറയ്ക്കുന്ന ദിനം.

അന്ന് രാവിലെ തന്നെ വീടും പരിസരവും വൃത്തിയാക്കി ഉമ്മറപ്പടിയിലും മുറ്റത്തും കോലം വരച്ചു ലക്ഷ്മിയെ എതിരേൽക്കുന്നു.

പ്രത്യേകം നിശ്ചയിച്ച മുഹൂർത്തത്തിൽ തലമുറകളായി കൈമാറിക്കിട്ടിയ തൂക്കുവിളക്കിൽ പൂവും കുങ്കുമവും ചന്ദനവും അണിയിച്ചു തിരിതെളിയിച്ചു അലങ്കരിച്ച കൊച്ചു കലത്തിൽ അരി നിറയ്ക്കുന്നു..

വീട്ടിലെ ദാരിദ്ര്യവും ദുഖവും അകറ്റി എന്നും ലക്ഷ്മീദേവി കുടിയിരിക്കണമേ എന്ന പ്രാർത്ഥനയോടെ വീട്ടിലെ ലക്ഷ്മി അഥവാ ഗൃഹനാഥയാണ് ഇത് ചെയ്യാറുള്ളത്..

ഈ നവരാത്രി കാലത്ത് ദിവസവും പൂജഭജനാദികൾനടത്തിയും സമാരാധനകളിൽ പങ്കെടുത്തും ചന്ദനവും കുങ്കുമവും മഞ്ഞളും വസ്ത്രങ്ങളും അഷ്ടമംഗല്യാദി ദ്രവ്യങ്ങളും സുമംഗലികൾക്ക് നൽകിയും പുസ്തകങ്ങൾ പൂജ്‌യ്‌ക്ക്‌ വച്ചും ഫലങ്ങളും ശർക്കരയിൽ വിളയിച്ച അവലും നിവേദിച്ചും സ്വന്തം കുടുംബത്തിൻെറ ഐശ്വര്യാഭിവൃദ്ധിക്കായി പ്രാർത്ഥനകൾ നടത്തുന്നത് നമ്മുടെ സംസ്ക്കാരത്തിൻെറ ഭാഗമാണ്.. ധാരാളം ഗൃഹങ്ങളിൽ നവരാത്രിയോടനുബന്ധിച്ച് കാണിക്ക വെക്കൽ (സമർപ്പണം), ബൊമ്മക്കൊലു ഒരുക്കൽ, സുമംഗലീപൂജ തുടങ്ങിയവയും ആചരിക്കാറുണ്ട്. ഇവയെല്ലാംതന്നെ കുടുംബാഭിവൃദ്ധിക്ക് ഉത്തമമായ ആചാരാനുഷ്ഠാനങ്ങളാണ്.

ഭാണ് വെളുത്ത പൂക്കൾ കൊണ്ടും മാവില കൊണ്ടും ഭംഗിയായി അലങ്കരിച്ച്, അരി നിറച്ചതിന് ശേഷം പഴംവീട (വീടോ)യും നാളികേര (നാർളു)വും അതിന് മുകളിൽ വെച്ച് ത്രിശക്തി സ്വരൂപിണിയായ ദേവിയെ (ദുർഗ്ഗ, ലക്ഷ്മി, സരസ്വതി) മനസ്സിൽ കണ്ട് സർവ്വൈശ്വര്യങ്ങളും നൽകിയനുഗ്രഹിക്കണേയെന്നു പ്രാർത്ഥിക്കുക..

Leave a Reply

Your email address will not be published. Required fields are marked *