കേടായ ബൾബ് തെളിയിക്കാൻ തയ്യാറായി കുടുംബശ്രീ പ്രവർത്തകർ

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകളിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് എൽ.ഇ.ഡി നിർമ്മാണവും, സർവ്വീസിംഗിലും പരിശീലനം നൽകി. 

ഒരു എൽ.ഇ ഡി ബൾബിൽ സർക്യൂട്ട്, പ്ലേറ്റ്, എൽ.ഇ.ഡി, കേസ് എന്നിവയാണുള്ളത്. സർക്യൂട്ടിനോ, പ്ലേറ്റിനോ, രണ്ടിനും കൂടിയോ തകരാർ സംഭവിക്കുമ്പോൾ ബൾബ് കേടാകുന്നു. ഈ രണ്ട് ഭാഗങ്ങൾ മാറ്റി വച്ചാൽ ഉപയോഗശൂന്യമായ എൽ.ഇ ഡി ബൾബിനെ ഉപയോഗപ്രഥമാക്കിയെടുക്കാം. ഉപയോഗ ശൂന്യമായ ബൾബുകൾ പരമാവധി ശേഖരിച്ച് അവയിൽ കഴിയാവുന്നിടത്തോളം നന്നാക്കി നൽകാനും പുതിയത് വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുവാനുമാണ് വിദ്യാർത്ഥികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ലക്ഷ്യം. ഒപ്പം ഇത്തരത്തിൽ ഉണ്ടാകുന്ന ഇ-വെയ്സ്റ്റുകളുടെ അളവ് കുറയ്ക്കുവാനും കഴിയും.
സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഹേമ സനൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം ബാബു തട്ടാർ കുന്നേൽ പരിശീലന പരിപാടി  ഉത്ഘാടനം ചെയ്തു. സ്നേഹിത കൗൺസിലർ കവിത ഗോവിന്ദ് ബൾബ് വിപണനവും വിവിധ വായ്പകളെക്കുറിച്ചും സെമിനാർ നടത്തി. പ്രമുഖ ഇല്ക്ട്രോണിക് വിദഗ്ദൻ കെ.എം.ജയൻ ക്ലാസുകൾക്ക് നേത്യത്വം നൽകി. സമീർ സിദ്ദീഖി, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, സി.ഡി.എസ് മെമ്പർ അന്നമ്മ മത്തായി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *