പുതുതായി വാങ്ങിയ 108 കൾ നിരത്തിലിറക്കാത്തത് എന്തുകൊണ്ടാണെന്ന് മനുഷ്യവകാശ കമ്മീഷൻ

തിരുവനന്തപുരം: പഴകി ദ്രവിച്ച 108 ആമ്പുലൻസുകൾക്ക് പകരം പുതുതായി വാങ്ങിയ പത്ത് 108 ആമ്പുലൻസുകൾ സർവീസ് ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അദ്ദേഹം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇരുപത്തിനാല് 108 ആമ്പുലൻസുകളാണ് തലസ്ഥാനത്തുള്ളത്. ഇവ തകരാറിലാകുന്നത് സ്ഥിരം സംഭവമാണ്. അങ്ങനെയാണ് 10 പുതിയ ആമ്പുലൻസുകൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വാങ്ങിയത്. എന്നാൽ ഇവ മഴയും വെയിലുമേറ്റ് പുലയനാർകോട്ട സർക്കാർ ആശുപത്രി വളപ്പിൽ വിശ്രമത്തിലാണ്. ഉദ്ഘാടനത്തിന് ആളെ കിട്ടാത്തതു കാരണമാണ് 108 കൾ പുറത്തിറക്കാത്തതെന്ന് പരാതിയുണ്ട്. പ്രാഥമിക ജീവൻ രക്ഷാ സൗകര്യങ്ങളുള്ള ആമ്പുലൻസുകളാണ് പത്തെണ്ണവും. ആവശ്യാനുസരണം 108 ആമ്പുലൻസ് ലഭ്യമല്ലാത്തതിനാൽ നിരത്തിൽ അപകടമുണ്ടായാൽ ജീവൻ രക്ഷിക്കാനുള്ള സാഹചര്യവുമില്ല.

പുതിയ ആമ്പുലൻസുകൾ അടിയന്തിരമായി നിരത്തിലിറക്കാൻ നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *