എസ്.എസ്.എല്‍.സി.: സര്‍ക്കാര്‍ ഹോമുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം

ശ്രീചിത്ര ഹോം സന്ദര്‍ശിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 80 വിദ്യാര്‍ത്ഥികളില്‍ 75 പേരും വിജയിച്ചു. തിരുവനന്തപുരം പൂജപ്പുര ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോം, കോട്ടയം ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോം, പത്തനംതിട്ട ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോം, ആലപ്പുഴ മായിത്തറ ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, എറണാകുളം കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, പാലക്കാട് ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോം, മലപ്പുറം ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോം, കോഴിക്കോട് ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശേരി ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശേരി ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, കാസര്‍ഗോഡ് ഗവ. ബോയ്‌സ് സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം എന്നീ ഹോമുകളുടെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.

ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ചു. ശ്രീചിത്ര ഹോമില്‍ നിന്നും പരീക്ഷയെഴുതിയ 26 വിദ്യാര്‍ത്ഥികളില്‍ 24 പേരും വിജയിച്ചു. ലിയ ജി. സണ്ണി, ലിച്ച വില്‍ഫ്രെഡ്, സ്റ്റീഫോ പി. എന്നിവര്‍ മികച്ച വിജയം നേടി. ഫോര്‍ട്ട് മിഷന്‍ സ്‌കൂള്‍, ഗവ. ഫോര്‍ട്ട് ഹൈസ് സ്‌കൂള്‍, എസ്.എന്‍.വി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഈ വിദ്യാര്‍ത്ഥികള്‍ പഠിച്ചത്.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. വളരെ ആഹ്ലാദകരമായ നിമിഷമാണിതെന്ന് മന്ത്രി പറഞ്ഞു. ഹോമുകളിലെ നല്ല ശ്രദ്ധയും പരിചരണവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. പഠനത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധയും വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസുകളും നല്‍കിയാണ് പഠന നിലവാരം ഉയര്‍ത്തിയത്. കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് ഈ വിജയം സഹായകരമാണ്. ഇത്തരം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അത്തരത്തിലുള്ളൊരു പദ്ധതിയാണ് തേജോമയ. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഗുണമേന്മയുള്ള ഹോമിലേക്ക് മാറ്റിയാണ് തേജോമയ നടപ്പിലാക്കുന്നത്. പഠിക്കാന്‍ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അത്തരത്തിലുള്ളൊരു കുട്ടി എല്‍.എല്‍.ബി. കഴിഞ്ഞിട്ടുണ്ട്. ആ കുട്ടി ഐ.എ.എസ്. കോച്ചിംഗിന് പഠിക്കുകയാണ്. അതുപോലെ കഴിവുള്ള കുട്ടികള്‍ക്ക് മെഡിസിനോ എഞ്ചിനിയറിംഗിനോ പോകാനുള്ള സാഹചര്യവും വകുപ്പൊരുക്കി വരുന്നു. കുട്ടികളുടെ ഭാവി ശോഭനമാകാന്‍ ഇതുപോലുള്ള വിജയത്തിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, ശ്രീചിത്ര സൂപ്രണ്ട് ഉഷ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *