രോഗ നിരീക്ഷണത്തിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ഏകോപനം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകീകൃത നെറ്റ് വര്‍ക്കിംഗ് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ഏകോപനം. പകര്‍ച്ചവ്യാധി വിവരങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏകീകൃത നെറ്റ് വര്‍ക്കിംഗ് സംവിധാനവും രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും സൂപ്രണ്ടുമാരുടേയും മറ്റ് വിദഗ്ധ ഡോക്ടര്‍മാരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാന പീഡ് സെല്ലിന്റെ നേതൃത്വത്തിലാണ് (PEID CELL- Prevention of Epidemics and Infectious Disease Cell) യോഗം വിളിച്ചു കൂട്ടിയത്. നിപ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കൂടിയായിരുന്നു ഏകോപന യോഗം വിളിച്ചത്. 

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാധ്യമാകുകയുള്ളൂവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. പലപ്പോഴും സ്വകാര്യ ആശുപത്രികളിലെ രോഗ വിവരങ്ങള്‍ ലഭ്യമാകാതെ വരുന്നു. അതുകൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധം പൂര്‍ണമാകുന്നില്ല. സ്വകാര്യ ആശുപത്രികളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാലേ പകര്‍ച്ച വ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. അതിനാലാണ് ആദ്യമായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുടേ യോഗം വിളിച്ചുകൂട്ടിയത്. സമൂഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാണ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇതുള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍, സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കണക്കുകള്‍ വളരെ കൃത്യമായിരിക്കണമെന്നും ജനങ്ങളില്‍ അത് ഭീതി പരത്തരുതെന്നും മന്ത്രി പറഞ്ഞു. അസാധാരണമായ രോഗലക്ഷണങ്ങളോടെ ഏതെങ്കിലും ആശുപത്രിയില്‍ രോഗികള്‍ എത്തിയാല്‍ അറിയിക്കേണ്ടതാണ്. അതനുസരിച്ച് ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും. വ്യക്തിഗത സുരക്ഷാ കവചങ്ങള്‍ ആവശ്യത്തിന് ശേഖരിച്ച് വയ്‌ക്കേണ്ടതാണ്. പകര്‍ച്ചവ്യാധി മുന്നില്‍ കണ്ട് ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് നേരത്തെ തന്നെ സജ്ജീകരിക്കണം. ഇതോടൊപ്പം രോഗികളോട് വളരെ സഹകരണത്തോടെ ജീവനക്കാര്‍ പെരുമാറണം. ഒരു ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മതിയായ സേവനങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ജീവനക്കാരുടെ കടമയാണ്. അതോടൊപ്പം തന്നെ രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രിയില്‍ വളരെയധികം ശുചിത്വം പാലിക്കണം. ആശുപത്രികളില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക. രോഗം അവരിലേക്ക് പകരാതിരിക്കാനും ആശുപത്രിയില്‍ അണുബാധയുണ്ടാകാതിരിക്കാനും എല്ലാവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. അതില്‍ സ്വീകരിക്കാവുന്ന നല്ല മാതൃകകള്‍ യോഗം ചര്‍ച്ച ചെയ്തു. രോഗ പ്രതിരോധത്തിന് മതിയായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ ആശുപത്രിയും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വളരെയധികം ശ്രദ്ധിക്കണം. മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. മഴക്കാലത്തിന് മുമ്പ് ആശുപത്രിയും പരിസരവും പൂര്‍ണമായി വൃത്തിയാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആശുപത്രി വികസന സമിതിവഴി ജീവനക്കാരെ നിയമിക്കാവുന്നതാണ്. ജീവനക്കാരില്ലെന്ന പരാതി പറയാതെ ഉള്ള ജീവനക്കാര്‍ക്ക് കൃത്യമായ ക്രമീകരണത്തോടെ ഡ്യൂട്ടി നല്‍കിയാല്‍ തന്നെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മെഡിക്കല്‍ കോളേജുകളെ മന്ത്രി അഭിനന്ദിക്കുകയും അത് മറ്റുള്ള ആശുപത്രികള്‍ മാതൃകയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *