കോവിഡ് സാമ്പിളെടുക്കാന്‍ മെഡിക്കല്‍ കോളേജിന് ഐ.എം.എ. വക വിസ്‌ക്

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണം സുരക്ഷിതമായും വേഗത്തിലും ചെയ്യാന്‍ കഴിയുന്ന വിസ്‌ക് (WISK – Walk in Sample Kiosk ) സംവിധാനം ഐ.എം.എ. തിരുവനന്തപുരവും ഐ.എസ്.ആര്‍.ഒ. വിമന്‍സ് എംപ്ലോയീസ് ബെനവലന്റ് ഫോറം തിരുവനന്തപുരവും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കൈമാറി. ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിനാണ് ഈ സംവിധാനം കൈമാറിയത്. ഐ.എം.എ. തിരുവനന്തപുരം സെക്രട്ടറി ഡോ. ശ്രീജിത്ത്, ഡോ. സിബി കുര്യന്‍ ഫിലിപ്പ്, ഡോ. ആര്‍.സി. ശ്രീകുമാര്‍, ഡോ. ജയപ്രകാശ്, ഗസീല്ല ഇന്റീരിയല്‍സ് എം.ഡി. ബിജു എന്നിവര്‍ പങ്കെടുത്തു.

കൊറോ വൈറസ് കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായാലും സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിള്‍ ശേഖരണം വര്‍ദ്ധിച്ച തോതില്‍ നടത്തേണ്ടതുണ്ട്. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നത്. സാമ്പിള്‍ ശേഖരിക്കുന്ന ട്രിയാജില്‍ (TRIAGE) ആശുപത്രി ജീവനക്കാര്‍ PPE (പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്) ധരിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങള്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടിയാണ് വാക്ക് ഇന്‍ കോവിഡ് കിയോസ്‌ക്കിന് രൂപം നല്‍കിയത്. ഇത് ഉപയോഗിച്ച് സാമ്പിള്‍ ശേഖരിക്കുവാന്‍ രോഗിയോ രോഗബാധ സംശയിക്കപ്പെടുന്ന ആളുകളേ ആശുപത്രിയില്‍ വരേണ്ടി വരികയില്ല.

ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താല്‍ക്കാലികമായി സ്ഥാപിച്ച് വലിയ തോതില്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിക്കും. സാമ്പിള്‍ ശേഖരിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പി.പി.ഇ. കിറ്റുകള്‍ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിള്‍ ശേഖരണം സാധ്യമാക്കുന്നതാണ് ഈ സംവിധാനം. രാജ്യത്ത് ആദ്യമായി ഈ സംവിധാനം എറണാകുളം മെഡിക്കല്‍ കോളേജിലാണ് നടപ്പാക്കിയത്.

One thought on “കോവിഡ് സാമ്പിളെടുക്കാന്‍ മെഡിക്കല്‍ കോളേജിന് ഐ.എം.എ. വക വിസ്‌ക്

Leave a Reply