കോവിഡ്19: സാമൂഹിക പ്രവർത്തനങ്ങൾ ശക്തമാക്കി ഹരിതകേരളം മിഷൻ

കോവിഡ്-19 പ്രതിരോധ കാലയളവിൽ വീട്ടിലിരുന്നുതന്നെ സമൂഹത്തിന് ഗുണപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കണമെന്ന ആശയം പങ്കുവെച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ഹരിത കേരളം മിഷൻ. ഇതിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി 16 വാട്‌സാപ്പ് ഗ്രൂപ്പുകൾക്ക് രൂപം നൽകി. കോവിഡ്-19 പ്രതിരോധം, ജാഗ്രത, മുൻകരുതലുകൾ സംബന്ധിച്ച ഉത്തരവുകളും നിർദേശങ്ങളും സമയാസമയം ഗ്രൂപ്പുകൾ വഴി ജനപ്രതിനിധികളിലൂടെ പൊതുജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.

ഹരിത കേരളം മിഷൻ സംസ്ഥാന തലത്തിൽ പ്രത്യേകമായി രൂപീകരിച്ച വിവര വിജ്ഞാന സെല്ലിൽ നിന്നും കോവിഡ് പ്രതിരോധം സംബന്ധിച്ചുള്ള സന്ദേശങ്ങളും ഗ്രൂപ്പിലൂടെ എത്തിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ലോക്ക് ഡൗൺ കാലത്ത് പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും ചേർന്ന് പ്രായോഗികമായി പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പിന്തുണാ സംവിധാനം ഹരിത കേരളം മിഷൻ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി ഒരുക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും പ്രചാരമുള്ള മൈക്രോഗ്രീൻ കൃഷിരീതിയെ സംബന്ധിച്ച ലൈവ് പരിപാടി ഹരിതകേരളം മിഷൻ ഫേസ്ബുക്കിൽ നടത്തി. പരിമിതമായ സ്ഥലത്തും വീടിനുള്ളിലും മൈക്രോഗ്രീൻ കൃഷി ചെയ്യാവുന്നതാണ്.

വി.എഫ്.പി.സി.കെ തയാറാക്കിയ പച്ചക്കറിവിത്തുകൾ കൃഷിഭവൻ മുഖേന തദ്ദേശഭരണസ്ഥാപനതലത്തിൽ കൃഷിക്കാർക്ക് നൽകി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമത്തിൽ നിന്നും വിവിധ അഗ്രി ഫാമുകളിൽ നിന്നും ലഭിച്ച തൈകൾ വിതരണം ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം ആറുലക്ഷം പച്ചക്കറിത്തൈകൾ കൂടി ലഭ്യമാക്കും. ഹരിത കേരളം മിഷൻ തദ്ദേശഭരണ സ്ഥാപനതല വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പ്രാദേശികമായി പച്ചക്കറികൃഷി മത്സരം നടത്തുന്നതിനായുള്ള മാർഗരേഖ തയാറാക്കി വരുന്നു. കൂടാതെ പ്ലാവ്,മാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളുടെ ഉൽപാദനം ഓരോ വീടുകളിൽ ചെയ്യുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും പ്രോത്സാഹനവും ഗ്രൂപ്പ് വഴി നൽകുന്നുണ്ട്. സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബ്ലോക്ക്/നഗരസഭ റിസോഴ്‌സ് പേഴ്‌സൺമാരുടെ ഗ്രൂപ്പുകളുമായി ബന്ധപ്പെടണമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

Leave a Reply