മികച്ച ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍: അപേക്ഷ ക്ഷണിച്ചു

ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് സഹകരണ സ്വതന്ത്ര സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് വെവ്വേറെ പുരസ്‌കാരങ്ങളും സംസ്ഥാനത്തെ പൊതുമേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപയും മെറിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കും.

ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയര്‍മാനും ഡയറക്ടര്‍ കണ്‍വീനറുമായ വിദഗ്ധ സമിതിയാകും പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്. വ്യക്തികള്‍, അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍ എന്നിവയ്ക്ക് മികച്ച ഡോക്ടര്‍മാരുടെ പേരുകള്‍ നിര്‍ദേശിക്കാം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഇ.എസ്.ഐ എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ അതാത് വകുപ്പ് അധ്യക്ഷന്മാര്‍ക്കും മറ്റുള്ള അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും സമര്‍പ്പിക്കണം.

അതത് സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷയുടേയും അനുബന്ധ രേഖകളുടേയും അഞ്ചു കോപ്പികള്‍ വീതം സമര്‍പ്പിക്കേണ്ടതാണ്. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷ നിരസിക്കും. നിബന്ധനകളും മറ്റു വിവരങ്ങളും ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും ഇ.എസ്.ഐ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ആരോഗ്യ കേരളം വെബ്‌സൈറ്റിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10.

67 Views

Leave a Reply

Your email address will not be published. Required fields are marked *