ആനയും ആള്‍മാറാട്ടവുമായി ‘ഒരൊന്നൊന്നര എ പ്ലസ്’

തിരുവനന്തപുരം: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒരൊന്നൊന്നര എ പ്ലസ്’ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്.എല്‍.സി. പരീക്ഷയിലെ ആള്‍മാറാട്ടവും. ഈ രണ്ട് സംഭങ്ങളേയും നര്‍മ്മത്തില്‍ ചാലിച്ചാണ് ‘ഒരൊന്നൊന്നര എ പ്ലസ്’ ല്‍ അവതരിപ്പിച്ചത്.

പരീക്ഷ ഫലം വന്നതോടെ കുടുംബങ്ങളെല്ലാം ഫ്‌ളക്‌സ് ബോര്‍ഡടിച്ച് എ പ്ലസ് ആഘോഷിക്കുന്നു. ഞങ്ങളുടെ കാലത്ത് എ പ്ലസുമില്ല ഫ്‌ളക്‌സുമില്ലെന്ന പഴയ തലമുറ അസൂയയോടെ പറയുന്നു. 11 മാസം ലീവെടുത്ത് അമ്മ തന്നെ പഠിപ്പിച്ചാണ് എ പ്ലസ് കിട്ടിയതെന്നായി മകന്റെ വാദം. അവസാനം കള്ള പരീക്ഷ എഴുതിയതിന്റെ പേരില്‍ അധ്യാപകന്‍ പിടിയിലായതോടെ രസകരമായ ക്ലൈമാക്‌സില്‍ നാടകമവസാനിക്കുന്നു 

ഡോ. തോമസ് മാത്യു, മണിക്കുട്ടന്‍ ചവറ, എ.എസ്. ജോബി, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, വേണു പെരുകാവ്, ഈശ്വര്‍പോറ്റി, അഡ്വ. രാജാനന്ദ്, ദീപു അരുണ്‍, പ്രദീപ് അയിരൂപ്പാറ, മുഹമ്മദ് സഖറിയ, ഗ്രേസി കരമന, അഡ്വ. മംഗളതാര, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജനാ ശ്രീകുമാര്‍, ഗായത്രി, ബീന ശ്രീകുമാര്‍, ദേവിക പ്രദീപ്, കൃഷ്ണദത്ത്, ദേവദത്ത്, മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാദ് എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍. കല പ്രദീപ് അയിരൂപ്പാറ. 

നാടകത്തിന് മുമ്പ് നടന്ന ചടങ്ങില്‍ കെ.എല്‍. ശ്രീകൃഷ്ണദാസ് അതിഥിയായെത്തി. നര്‍മ്മ കൈരളി പ്രസിഡന്റ് വി. സുരേശന്‍ അധ്യക്ഷനായിരുന്നു. സുകുമാര്‍ ഹാസ്യ പ്രഭാഷണം നടത്തി. കാല്‍ നൂറ്റാണ്ട് നര്‍മ്മകൈരളിയുടെ മേക്കപ്പ് മാനായിരുന്ന ശശി പൂജപ്പുരയെ അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *