ആവേശത്തിരയിളക്കി മാമ്പഴങ്ങളില്‍ ചിത്രമെഴുതി കാനായി മാമ്പഴക്കാലം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം കു‌ഞ്ഞുങ്ങള്‍ സ്നേഹത്തോടെ നീട്ടിയ മാമ്പഴത്തില്‍ മലയാളത്തിന്‍റെ മഹാശില്‍പ്പി കാനായി കുഞ്ഞുരാമന്‍ കൗതുക വരകളുടെ വിസ്മയം തീര്‍ത്തു. മാന്പഴം കത്തിയാല്‍ ചെത്തിയെടുത്തും ശില്‍പ്പസൗന്ദര്യം മെനഞ്ഞു. ആയുസ്സിന്‍റെ പുസ്തകത്തില്‍ പ്രായം 81 തികഞ്ഞ കാനായി കുട്ടികളുമായി സംവദിച്ചപ്പോള്‍ പതിനെട്ടുകാരനായി മാറി. പ്രകൃതിയെ സ്നേഹിക്കാനും നല്ല മനസ്സുള്ളവരാകാനും അദ്ദേഹം ഇളംതലമുറക്കാരെ ഓര്‍മ്മിപ്പിച്ചു.


വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഇന്നലെ ആരംഭിച്ച മാമ്പഴക്കാലം കാനായി കുഞ്ഞുരാമന്‍ ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് മാന്പഴത്തില്‍ വരയും കൊത്തുപണികളും ഒരുക്കിയതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. മാന്പഴം കഴിക്കാനുള്ളതു മാത്രമല്ല, വരയ്ക്കാനുള്ളതുമാണെന്നും കുഞ്ഞിരാമന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് അദ്ദേഹവും കുട്ടികളും ഒരേ സമയം മാന്പഴങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു. കുട്ടികള്‍ക്കും ഇതൊരു വ്യത്യസ്ത അനുഭവമായി. വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി അധ്യക്ഷനായി.സെക്രട്ടറി എം.ആര്‍.ജയഗീത സ്വാഗതം ആശംസിച്ചു. .ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ മുഖ്യാതിഥിയായി. ജയചന്ദ്രന്‍ കടന്പനാട്, ക്യാന്പ് കോര്‍ഡിനേറ്റര്‍ ഗിരീഷ് പരുത്തിമഠം, പിആര്‍ഒ ഹരി ചാരുത എന്നിവര്‍ സംബന്ധിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്പതോളം വിദ്യാര്‍ഥികളാണ് കുട്ടികളുടെ അവധിക്കാല കൂട്ടായ്മയായ മാന്പഴക്കാലത്തില്‍ പങ്കെടുക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖരും പ്രഗത്ഭരും കുട്ടികളുമായി സംവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *