പ്രവേശനോത്സവം : പരമാവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ നിര്‍ദ്ദേശം

വ്യാഴാഴ്ച നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പരമാവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഈ ദിവസം എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും കുട്ടികളുടെ സുരക്ഷയ്ക്കായി നിരത്തുകളില്‍ ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

തങ്ങളുടെ അധികാരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി ആള്‍ത്തിരക്കും ഗതാഗത പ്രശ്നവും കണക്കിലെടുത്ത് പൊലീസുകാരെ വിന്യസിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടിയെടുക്കണം. സബ് ഡിവിഷന്‍ പോലീസ് ഓഫീസര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ എല്ലാ വിദ്യാലയങ്ങളും സന്ദര്‍ശിച്ചു പോലീസ് സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. ജില്ലാ പോലീസ് മേധാവിമാര്‍ രണ്ടോ മൂന്നോ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തണം. ആവശ്യത്തിനു വനിതാ പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കണം. റോഡ് മുറിച്ചു കടക്കുന്നതിനും വാഹന പാര്‍ക്കിങ്ങിനും മറ്റും സഹായം നല്‍കുന്നതിനു സന്നദ്ധ സംഘടനകളുടെയും വൊളന്‍റിയര്‍മാരുടെയും സേവനം വിനിയോഗിക്കാം. പ്രധാന സ്ഥലങ്ങളിലെ ഇത്തരം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചു സൂക്ഷിക്കാനും പകര്‍പ്പ് പോലീസ് ആസ്ഥാനത്തേക്ക് അയയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷ മുതലായ സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ മാതാപിതാക്കളെ ബോധവത്കരിക്കുന്നതിനു പോലീസ് നടപടി സ്വീകരിക്കണം. സ്വകാര്യ ബസുകളിലും മറ്റും കുട്ടികളെ കയറ്റാതിരിക്കുക, സീ്റ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക മുതലായ നടപടികള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി സ്ഥിരമായി പരാതി ലഭിക്കാറുണ്ട്. കുട്ടികള്‍ കയറാനുള്ള സ്റ്റോപ്പില്‍ സ്വകാര്യബസ്സുകള്‍ നിറുത്താത്ത സംഭവവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ബസ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ മുന്‍പ് ശ്രദ്ധയില്‍പെട്ട സ്ഥലങ്ങളും ബസുകളും ജീവനക്കാരും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

റോഡ് ഗതാഗതം, റോഡ് സുരക്ഷ, മയക്കുമരുന്നിന്‍റെ വ്യാപനം എന്നിവ തടയുന്നതിന് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണം. റോഡ് സേഫ്റ്റി ക്ലബ്ബുകള്‍, ട്രാഫിക് ക്ലബ്ബുകള്‍ എന്നിവ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ അവ ആരംഭിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *