നാട്ടിലാകെ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

പ്രകൃതിയേയും അതിന്റെ ആവാസ വ്യവസ്ഥയേയും തനിമയോടെ നിലനിർത്താൻ പച്ചത്തുരുത്തുകൾ നാട്ടിൽ വ്യാപകമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഓരോ വ്യക്തിയും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരങ്ങൾ വ്യാപകമായി വച്ചുപിടിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ നല്ല വിജയം കണ്ടതായി  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വൃക്ഷത്തൈ നട്ട ശേഷം തിരിഞ്ഞു നോക്കാത്ത രീതിക്ക് മാറ്റംവന്നു. നട്ട വൃക്ഷത്തെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സംസ്‌ക്കാരം നാട്ടിൽ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇതിൽനിന്ന് ഒരു പടികൂടി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരത്തോടെ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കാൻ സർക്കാർ തുടക്കമിടുന്നത്.

നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന നഷ്ടപ്പെട്ട ചെറു കാടുകൾ തിരികെ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചത്തുരുത്തിൽ വളർത്താൻ കഴിയും. അതുവഴി പ്രകൃതിയുടെ സ്വാഭാവികത അതേപടി നിലനിർത്താനും കഴിയും. ഇത് നാടിനും ഭാവി തലമുറയ്ക്കുമായി ചെയ്യുന്ന സൽകൃത്യമായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

 പ്രകൃതിയുടെ സ്വാഭാവികതയും സൗന്ദര്യവും തിരികെ കൊണ്ടുവരുന്ന വലിയ ചുവടുവയ്പ്പാണ് പച്ചത്തുരുത്ത് പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. നിലവിലുള്ള കാർഷിക ഭൂമിയുടേയോ വന ഭൂമിയുടേയോ ഘടനയ്ക്ക് മാറ്റം വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴിച്ചിട്ടിരിക്കുന്ന പൊതു, സ്വകാര്യ സ്ഥലങ്ങളിൽ പ്രദേശത്തിന്റെ സവിശേഷതകൾക്കിണങ്ങുന്ന മരങ്ങളും സസ്യങ്ങളും നട്ടുവളർത്തുക എന്ന ഉദ്ദേശ്യത്തിൽ സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾ നട്ടുവളർത്താനാണ് ലക്ഷ്യമിടുന്നത്.

പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് ജങ്ഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നവകേരളം കർമപദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്,  ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപെഴ്‌സൺ ഡോ. ടി.എൻ. സീമ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം എസ്. രാധാദേവി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിലീപ് കുമാർ എന്നിവരും പങ്കെടുത്തു.

61 Views

Leave a Reply

Your email address will not be published. Required fields are marked *