ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ക്ളാസ്സ് ലൈബ്രറികള്‍ തുടങ്ങും: വി കെ മധു

ജില്ലാതല പ്രവേശനോത്സവം വര്‍ക്കല പാളയംകുന്ന് സ്‌കൂളില്‍ നടന്നു

തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ലാസ് ലൈബ്രറികള്‍ ആരംഭിക്കാനുള്ള പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു പറഞ്ഞു. പ്രവേശനോത്സവത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം വര്‍ക്കല  പാളയംകുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.പി തലം മുതല്‍ എല്ലാ വിദ്യാലയങ്ങളിലും കാലാവസ്ഥാ പഠന യൂണിറ്റ് സ്ഥാപിക്കുമെന്നും  തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഗ്രീന്‍ പാര്‍ക്കുകള്‍ (ചെറു വനം) നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാളയംകുന്ന് സ്‌കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ 67 കുട്ടികളെ അലങ്കാര തൊപ്പികള്‍ അണിയിച്ചു മധുരം നല്‍കി വി. ജോയി എം. എല്‍. എ സ്വീകരിച്ചു. ഇവര്‍ക്കായി ഫളാഷ് മോബ്, ഏയ്റോബിക്‌സ് ഷോ തുടങ്ങിയ കലാപരിപാടികളും സ്‌കൂളില്‍ ഒരുക്കിയിരുന്നു.

സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെയും ഓപ്പണ്‍ ക്ലാസ്സ് റൂം, റീഡിങ് കോര്‍ണര്‍ എന്നിവയുടെയും ഉദ്ഘാടനം വി. ജോയി എം. എല്‍. എ നിര്‍വഹിച്ചു. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശ്രമ വേളകളില്‍ വായനാസൗകര്യം ഒരുക്കുന്ന ലെഷര്‍ റീഡിങ് കോര്‍ണറും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പാളയംകുന്ന് സ്‌കൂളിലെ ക്ലാസ്സ് കര്‍മ പദ്ധതി കലണ്ടര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ജവാദ് നിര്‍വഹിച്ചു.  പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ എഴുതിയ ‘എന്റെ വിദ്യാലയം എന്റെ സ്വപ്നങ്ങള്‍’ എന്ന പുസ്തകം ഇലകമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി. ശ്രീകുമാരന്‍,  ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ. എച് സലിം, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാരായണി, എ.ഇ. ഓ ലൈലാ ബീവി, എസ്.എം.സി ചെയര്‍മാന്‍ സുനില്‍ ജി എസ്,  പാളയംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെര്‍ലി. പി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *