ബി.എസ്.എല്‍.-3 വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ ബയോസേഫ്റ്റി ലെവല്‍ 3 (ബി.എസ്.എല്‍.-3) വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധനെ കണ്ട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപയുടെ സൗഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം കോഴിക്കോട് ഈ ലാബ് സ്ഥാപിക്കാന്‍ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. റീജിയണല്‍ ലാബായി പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ വൈറോളജി ലാബ് വിഭാവനം ചെയ്യുന്നത്. 7 കോടിയിലധികം രൂപയാണ് ഈ ലാബിന് ചെലവ് വരുന്നത്. മൂന്നര കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക കൂടെ നല്‍കി ഇതെത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണം. കേരളത്തിന് ഇത്തവണ എയിംസ് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

നിപയെ സംബന്ധിച്ചും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. നിപ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ അനുഭവം നിപ പ്രതിരോധത്തില്‍ വളരെയധികം സഹായകകരമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനായുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഐ.സി.ഡി.എസ്. പദ്ധതി നവീകരിക്കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രിയെ അറിയിച്ചു. രാജ്യത്ത് ആദ്യമായി കേരളത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ശാസ്ത്രീയമായും ആധുനികവുമായ തരത്തിലാണ് അങ്കണവാടികളെ പരിഷ്‌ക്കരിക്കുന്നത്. ഇത് അഖിലേന്ത്യാ തലത്തില്‍ നടപ്പിലാക്കുന്നതിനെപ്പറ്റി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി. ട്രയിനിംഗ് ഗ്രാന്റ് പുനസ്ഥാപിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. കുടിശികയുള്ള ക്രഷുകളുടെ ഗ്രാന്റും ജീവനക്കാരുടെ ഓണറേറിയം, ഹോമുകളുടെ കേന്ദ്ര വിഹിതം എന്നിവ വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടുവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

84 Views

Leave a Reply

Your email address will not be published. Required fields are marked *