മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ആമ്പുലൻസുകൾക്ക് വാടക നിശ്ചയിക്കും 

ആമ്പുലൻസുകൾക്ക് വാടക നിശ്ചയിക്കുമെന്ന് സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

 വാടക നിശ്ചയിക്കാത്തതിനാൽ ആമ്പുലൻസുകൾ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ   ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത കമ്മീഷണർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 

ആമ്പുലൻസിന്റെ വാടക നിശ്ചയിക്കാൻ സർക്കാർ തലത്തിൽ യോഗം ചേർന്നതായി കത്തിൽ പറയുന്നു. യോഗത്തിന്റെ മിനിറ്റ്സ് അംഗീകരിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് രാമചന്ദ്രന് അയച്ചു കൊടുത്തു. മിനിറ്റ്സ് അംഗീകരിച്ചാലുടൻ വാടക നിശ്ചയിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കത്തിൽ പറയുന്നു. 

കരുനാഗപ്പള്ളി സ്വദേശി സിദ്ധിഖ് മംഗലശേരി നൽകിയ പരാതിയിലാണ് നടപടി. നിർദ്ധനരായ രോഗികൾ പിരിവെടുത്താണ് അമിത ചാർജ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. സ്റ്റാന്റിൽ നിന്നും ആശുപത്രിയിലെക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ വാടക  നിശ്ചയിക്കണമെന്നും അത് വാഹനത്തിലും സ്റ്റാന്റിലും പ്രദർശിപ്പിക്കണമെന്നുമാണ്  ആവശ്യം. 

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന ആമ്പുലൻസ് വാടക കൊള്ളക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ  ജസ്റ്റിസ് ആന്റണി ഡൊമിനിക്  ഗതാഗത കമ്മീഷണർക്ക്  ഉത്തരവ് നൽകിയിരുന്നു. വാടക കൊടുക്കാൻ പണം തികയാതെ  വരുമ്പോൾ പാവപ്പെട്ട രോഗികൾ കൈയിലുള്ള വാച്ചും പണ്ടവും ആമ്പുലൻസ് ഡ്രൈവർക്ക് പണയം വയ്ക്കുന്നതായി അന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളി സ്വദേശി നൽകിയ പരാതിയിൽ കമ്മീഷൻ അംഗം കെ. മോഹൻ കുമാറാണ് നടപടിക്ക്  നിർദ്ദേശം നൽകിയത്. 

73 Views

Leave a Reply

Your email address will not be published. Required fields are marked *