നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിപപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഇന്ന് ആരെയും ഇതുവരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. 22 പേരാണ് ഇന്ന് വിളിച്ചത്. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതേവരെ ആകെ വിളിച്ചിട്ടുള്ളത് 512 പേരാണ്. 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ പുതുതായി എത്തിച്ചു. 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
സൈബര്‍ മോണിറ്ററിങ് ടീം നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കൂടുതല്‍ കര്‍ശനമാക്കി. ഇന്ന് ഒരു വ്യാജ വാര്‍ത്ത കണ്ടെത്തി. ഇതേവരെ വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു.

നിപരോഗിയുടെ ആരോഗ്യ അവസ്ഥ-

രോഗിയുടെ നില അല്‍പ്പം മെച്ചപ്പെട്ടു. ചെറിയ പനി ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുണ്ട്. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. അമ്മയുമായി സംസംാരിച്ചു. തുടര്‍ചികല്‍സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.

രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ നിരീക്ഷണം

രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 318 പേരെയാണ്. ഇവരെയെല്ലാം ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ള 52 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്.
രോഗിയുടെ സ്രവങ്ങളുമായി സാമീപ്യമുണ്ടായിട്ടുള്ളവരോ 12 മണിക്കൂറെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ടുള്ളവരോ ആണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നത്. മറ്റുള്ളവരെല്ലാം ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നു.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനം നല്‍കി. 19 ഹെല്‍ത്ത് ബ്ലോക്ക് അടിസ്ഥാനത്തിലാണ് പരിശീലനം നല്‍കിയത്. ആകെ 2983 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. നിപ രോഗിയ ചികില്‍സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. ഐ.എം.എയുടെ സഹകരണത്തോടെ. എല്ലാ സര്‍്ക്കാര്‍ ആശുപത്രികളിലെയും ഓരോ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലര്‍മാര്‍ക്കും പരിശീലനം നല്‍കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വനംവകുപ്പ് വടക്കേക്കര ഭാഗത്ത് വവ്വാലുകള്‍ കൂട്ടമായി കാണപ്പെടുന്ന ഏരിയകള്‍ പരിശോധിച്ചു. മൂന്ന് പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തി. നാളെ മുതല്‍ ഇവയെ ട്രാപ് ചെയ്യുന്നതിനായി നെറ്റ് കെട്ടാന്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ കര്‍മപരിപാടികളും ആവിഷകരിച്ചു.

77 Views

Leave a Reply

Your email address will not be published. Required fields are marked *