പുതിയ പ്രവാചകന്മാര്‍ക്കായി

മിന്നാമിനുങ്ങുകൾക്ക് പിന്നാലെ
നിൻ വിരൽത്തുമ്പു മുറുകെപ്പിടിച്ചു
കൂട്ടുകാരാ ഞാൻ നടന്നെത്തിയത്
കാലത്തിന്നേതു വിസ്മയത്തുമ്പത്ത് !

സ്ഥലകാലങ്ങൾ കണക്കുകളിൽ
മായകൾ കാട്ടുമിവിടെ,
ആരാണിപ്പോൾ
നക്ഷത്രങ്ങളെ പെറ്റു കൂട്ടുന്നത് ?
നിൻ മിഴികളിലെത്രയാ നക്ഷത്രക്കുഞ്ഞുങ്ങൾ!

പുലരികളെ അടവെച്ചിറക്കുന്ന
ആകാശമെങ്ങു പോയി മറഞ്ഞു ,
ആശകൾ അലയടിച്ചുയരുന്ന
നീല സമുദ്രങ്ങൾ മാഞ്ഞതെങ്ങു് ?

നോക്കൂ ,നമ്മുടെ ശരീരങ്ങൾ
തൂവലുകളെക്കാൾ ഭാരരഹിതം
ആകാശമെന്ന മിഥ്യയ്ക്ക് താഴെ
ഭൂമിയിലവർ മൗനത്തിൻ
മഹാമേരുക്കൾ താണ്ടിയും
സഹനത്തിൻ പീഡകൾ കടന്നും
വിശുദ്ധഗ്രന്ഥങ്ങൾ വെള്ളംതൊടാതെ വിഴുങ്ങിയും
പരസ്പരം കൊന്നൊടുക്കിയുമെത്താൻ
കൊതിക്കും വാഗ്ദത്ത ഭൂമി
ഇത് തന്നെയാവില്ലേ ?

ഒരിത്തിരിസ്നേഹതിന്നരിയ നൂലിൽ
പിടിച്ചിവിടേയ്ക്കെണയാമെന്ന് പഠിപ്പിക്കാന്‍
മണ്മറഞ്ഞ ദൈവദൂതർ പുനർജ്ജനിച്ചിടേണോ ?
പുതിയ താരങ്ങള്‍ പിറക്കേണ്ടതുണ്ടോ,
പ്രണയത്തിന്‍ പുത്തന്‍ പ്രവാചകര്‍ ?!

ഒന്നിനെ തന്നെ പലതായി തോന്നിപ്പിക്കുമീ
ഇന്ദ്രജാലത്തിന്‍ അര്‍ത്ഥം പഠിപ്പിക്കാന്‍ ,
ഒരൊറ്റ ബീജത്തില്‍ നിന്നുയിര്‍ കൊണ്ട
താണീ സര്‍വ്വവുമേന്നോര്‍മ്മിപ്പിച്ചീടുവാന്‍
രക്തം മണക്കുന്ന വഴിത്താരകളും
പൊരുളറിയാത്ത ജപ മന്ത്രങ്ങളും
കണ്ണുതുറക്കാത്ത ശിലാരൂപങ്ങളും
മറന്നേക്കുകെന്നുറക്കെ പറയുവാന്‍
ഇനിയും വന്നിടും
പ്രണയത്തിന്‍ പ്രവാചകരിവിടെ
ഭൂമിയുടെ ഗര്‍ഭ പാത്രങ്ങളെല്ലാം തരിശല്ല,
വറ്റാത്ത ഉറവകളുമായി അമ്മമാര്‍
എവിടൊക്കെയോ മുല ചുരത്തുന്നുണ്ടിപ്പോഴും…

സ്മിത പഞ്ചവടി

Leave a Reply

Your email address will not be published. Required fields are marked *