അന്താരാഷ്ട്ര വെബിനാറിനു മുന്നോടിയായി ഇ-ബുക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പുറത്തിറക്കി

തിരുവനന്തപുരം: ആരോഗ്യ രംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാറിനു മുന്നോടിയായി തയ്യാറാക്കിയ ഇ-ബുക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച മുന്നേറ്റങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഇ-ബുക്കില്‍ വെബിനാറിലെ പ്രധാന വിഷയങ്ങള്‍, ആരോഗ്യ രംഗത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ ആവിഷ്‌കരിക്കേണ്ട തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.

ആരോഗ്യവകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കട്ടരാമന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 17 നാണ് അന്താരാഷ്ട്ര വെബിനാര്‍ ആരംഭിക്കുന്നത്. ‘എല്ലാവര്‍ക്കും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി കൈവരിക്കുന്നതിനുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2015 ല്‍ യു.എന്‍ പൊതുസഭ രൂപകല്‍പ്പന ചെയ്ത ആശയം ആറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. 17 പരസ്പരബന്ധിതമായ ആഗോള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് എസ്ഡിജി ഉള്‍ക്കൊള്ളുന്നത്. 2030 ഓടെ ദൗത്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

സാര്‍വത്രിക ആരോഗ്യ സുരക്ഷ; ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം, കൊവിഡ് 19 മഹാമാരി; ആരോഗ്യവകുപ്പിന്റെ പ്രതികരണം പ്രതിരോധം, തയ്യാറെടുപ്പ്, മാതൃ-ശിശുമരണ നിരക്കിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; സത്യമോ മിഥ്യയോ, പകരാത്ത രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ക്ഷയരോഗ നിവാരണം; കര്‍മ്മപദ്ധതി എന്നിങ്ങനെ ഇ-ബുക്കിനെ അഞ്ച് തീമുകളായി തിരിച്ചിരിക്കുന്നു.

മൂന്നാം സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ലക്ഷ്യങ്ങളും ഉപലക്ഷ്യങ്ങളും നേടുന്നതില്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് (യുഎച്ച്‌സി) നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പുസ്തകം ഊന്നിപ്പറയുന്നു. സംസ്ഥാന ആരോഗ്യ ഏജന്‍സി നടപ്പിലാക്കിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്പി)യെക്കുറിച്ചും ആര്‍ദ്രം മിഷന്‍ സംസ്ഥാനത്തിന്റെ സമഗ്ര പ്രാഥമിക ആരോഗ്യ സംരക്ഷണത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും പുസ്തകം ചര്‍ച്ചചെയ്യുന്നു.

പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിന് സംസ്ഥാനം സ്വീകരിച്ച പ്രധാന തന്ത്രങ്ങള്‍ കോവിഡിനെക്കുറിച്ചുള്ള അധ്യായത്തില്‍ പ്രതിപാദിക്കുന്നു. സജീവമായ സര്‍ക്കാര്‍, ഭരണ, നിയമ സംവിധാനങ്ങളും ശക്തമായ പൊതുജനാരോഗ്യ സംവിധാനവും ജനങ്ങളുടെ സഹകരണവുമാണ് കേരളത്തെ പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു.

വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്ന എംഎംആര്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനനനിരക്ക്, മികച്ച ലിംഗാനുപാതം തുടങ്ങിയ അസാധാരണമായ ആരോഗ്യ സൂചികകള്‍ക്ക് കേരളം അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. ഈ നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗത്തിന്റെ വ്യാപ്തിയും അതിന്റെ മോശം നിയന്ത്രണ നിരക്കും ആശങ്കാജനകമാണ്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ എന്‍സിഡി നിയന്ത്രണ വിഭാഗം പ്രശ്‌നം പരിഹരിക്കുന്നതിനായി നിരവധി നൂതന പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ജീവിതശൈലി രോഗ ക്ലിനിക്കുകള്‍ ഇപ്പോള്‍ 5,400 ആരോഗ്യ ഉപ കേന്ദ്രങ്ങള്‍, 848 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്‌സി), 227 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ (സിഎച്ച്‌സി), 87 താലൂക്ക് തലത്തിലുള്ള ആശുപത്രികള്‍, 36 ജില്ലാ/ജനറല്‍ ആശുപത്രികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ക്ഷയരോഗം ഇല്ലാതാക്കുന്നതില്‍ കേരളം വലിയ മുന്നേറ്റം നടത്തിയെന്നും പുസ്തകം നിരീക്ഷിക്കുന്നു. ടിബി കണ്‍ട്രോള്‍ പ്രോഗ്രാം അതിന്റെ തുടക്കം മുതല്‍ പൊതുജനാരോഗ്യ സംവിധാനവുമായി പൂര്‍ണമായും സംയോജിപ്പിച്ചിരിക്കുന്നു. കുട്ടികളില്‍ ആദ്യം ക്ഷയരോഗം ഇല്ലാതാക്കാനും വളര്‍ച്ചയ്ക്കും വികാസത്തിനും പൂര്‍ണശേഷി നല്‍കാനും സംസ്ഥാനം ആവശ്യപ്പെടുന്നു.

2030 ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തെ മുന്നോട്ടുകൊണ്ടുപോയ പൊതുജനാരോഗ്യത്തിലെ നേട്ടങ്ങളുടെ നേര്‍ക്കാഴ്ച ഈ പുസ്തകം നല്‍കുന്നു. ആരോഗ്യത്തെ കേന്ദ്രീകരിക്കുന്ന നിര്‍ദ്ദിഷ്ട ലക്ഷ്യമായ എസ്ഡിജി -3 ല്‍ അസാധാരണമായ സ്‌കോര്‍ 92 ആണ് കേരളം കൈവരിച്ചിട്ടുള്ളത്.

നീതി ആയോഗിന്റെ എസ്ഡിജി ഇന്ത്യ ഇന്‍ഡെക്സില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. മൊത്തം 100 ല്‍ 69 ഉം എസ്ഡിജി -3 ല്‍ 92 ഉം ആണ് കേരളത്തിന്റെ സ്‌കോര്‍.