എയ്ഡ്‌സ് ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു നിര്‍വഹിച്ചു. എച്ച്.ഐ.വി രോഗബാധിതരില്‍ ക്ഷയരോഗമുണ്ടാകാനുള്ള സാധ്യതകളെപ്പറ്റിയും അവയുടെ ചികിത്സാരീതികളെപ്പറ്റിയും ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ദേവ്കിരണ്‍ വിവരിച്ചു. പകര്‍ച്ചാ സാധ്യതയുള്ള ക്ഷയരോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന 15 വയസിനു താഴെ പ്രായമുള്ള കുട്ടികളിലെ ക്ഷയരോഗ സാധ്യതയെക്കുറിച്ചും അവര്‍ക്കായി പുതുതായി നടപ്പിലാക്കിവരുന്ന ചികിത്സാരീതികളെക്കുറിച്ചും ചടങ്ങില്‍ വിശദീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ധനൂജ എച്ച്.ഐ.വി ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ ബസ് സ്റ്റാന്‍ഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.