ഓട്ടോകാസ്റ്റിന് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സില്‍ നിന്ന് 27 കോടിയുടെ ഓര്‍ഡര്‍

തിരുവനന്തപുരം:സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡുമായി കൈകോര്‍ത്ത് മൂല്യവര്‍ധിത കാസ്റ്റിങ് കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനം ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ്. 27 കോടി രൂപയുടെ വാര്‍ഷിക ഓര്‍ഡര്‍ കൈമാറി. തിരുവനന്തപുരത്ത് വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ സാന്നിധ്യത്തില്‍ ഓര്‍ഡര്‍ കൈമാറി. ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് സിഇഒ എസ് ജ്ഞാനശേഖര്‍,  ബിസിനസ് മാനേജര്‍  അര്‍ഷാദ് മുഹമ്മദ് തന്‍വീര്‍, ഓട്ടോകാസ്റ്റ് എംഡി അനില്‍കുമാര്‍, ചെയര്‍മാന്‍ കെഎസ് പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യുകെയിലേയും ഇറ്റലിയിലേയും വിവിധ പദ്ധതികള്‍ക്കായാണ് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് ഓട്ടോകാസ്റ്റില്‍ നിന്ന് കാസ്റ്റിങ്ങുകള്‍ വാങ്ങുന്നത്. ജെസിബി വാഹനങ്ങള്‍ക്കായുള്ള ഫ്ളാഞ്ച് ഹബ്ബ്, വ്യവസായ ഹൗസിങ് കാസ്റ്റിങ്, വിവിധ ബിയറിങ് ബ്രാക്കറ്റ്, ഗിയര്‍ബോക്സ് സപ്പോര്‍ട്ട് എന്നിങ്ങനെ 12 കാസ്റ്റിങ്ങുകള്‍ക്കായാണ് ഓര്‍ഡര്‍. പ്രതിമാസം രണ്ടേകാല്‍ കോടി രൂപയുടെതാണ് ഓര്‍ഡര്‍. മാസത്തില്‍ 265 മെട്രിക് ടണിന്റെയും വര്‍ഷത്തില്‍ 3200 മെട്രിക് ടണിന്റെയും കാസ്റ്റിങ് ഓട്ടോകാസ്റ്റ് നിര്‍മ്മിച്ച് നല്‍കും.

മാരുതിയ്ക്കും ഇന്ത്യന്‍ റെയില്‍വേയ്ക്കും പിന്നാലെ കൂടുതല്‍ ഓര്‍ഡറുകളെത്തുന്നത് ഓട്ടോകാസ്റ്റ് ലിമിറ്റഡിന് മുതല്‍കൂട്ടാണ്. പ്രതിമാസം 500 മെട്രിക് ടണ്‍ ഉത്പാദനം എന്ന പ്രഖ്യാപിത ലക്ഷ്യത്തോട് അടുക്കുകയാണ് സ്ഥാപനം. നഷ്ടത്തിലേക്ക് കൂപ്പുകുത്തി തകര്‍ച്ചയുടെ വക്കിലായിരുന്ന സ്ഥാപനമാണ് ജീവനക്കാരുടെ കൂട്ടായ പ്രയത്നത്തിന്റെ കൂടി ഫലമായി മുന്നേറുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഓട്ടോകാസ്റ്റിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്.