ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയൽ

കേരള പോലീസ് സൈബർഡോമുമായി സഹകരിച്ച് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ* , തിരുവനന്തപുരം, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതി വേണ്ടി  ഫെബ്രുവരി 17, 2021ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട വാണിജ്യബാങ്ക് നോഡൽ ഓഫീസർമാരുടെ മീറ്റിംഗ് തിരുവനന്തപുരം റീജിയണൽ ഓഫീസിൽ സംഘടിപ്പിച്ചു.
ഓൺലൈൻ പേയ്‌മെന്റ് തട്ടിപ്പുകൾ  വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇതിനെ അടിയന്തിരമായി ഗൗരവപൂർവം നേരിടുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മീറ്റിംഗ് നടന്നത്.  
ശ്രീമതി റീനി അജിത്ത്, റീജിയണൽ ഡയറക്ടർ ,റിസർവ് ബാങ്ക് (കേരള & ലക്ഷദ്വീപ്) യോഗം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിന് സാമ്പത്തിക മേഖലയിലെ എല്ലാ പങ്കാളികളിൽ നിന്നും സജീവമായ നടപടികളുടെ ഏകോപനത്തിന്റെ ആവശ്യകത അവർ വ്യക്‌തമാക്കി . ഓൺലൈൻ തട്ടിപ്പുകൾ പ്രതിരോധിക്കുന്നതിനും ഉപഭോക്തൃ അവബോധം സൃഷ്ടിക്കുന്നതിനും ഉപഭോക്തൃ പരാതി പരിഹാരത്തിനും റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും അവർ വിശദീകരിച്ചു.  
ശ്രീ. മനോജ് അബ്രഹാം ഐ.പി.എസ്, എ.ഡി.ജി.പി (എച്ച്ക്യു), നോഡൽ ഓഫീസർ, കേരള പോലീസ് സൈബർഡോം മുഖ്യ പ്രഭാഷണം    നടത്തുകയും സാമ്പത്തിക തട്ടിപ്പുകളുടെ സമീപകാല പ്രവണതകളെക്കുറിച്ച് വിശദമായി വിശദീകരിക്കുകയും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.
ശ്രീ. വിജയ് കുമാർ നായക്, ജനറൽ മാനേജർ (ഓഫീസർ-ഇൻ-ചാർജ്), റിസർവ് ബാങ്ക്, കൊച്ചി, ശ്രീ. സെഡ്രിക് ലോറൻസ്, ജി‌എം, എഫ്‌ഐ‌ഡി‌ഡി, ആർ‌ബി‌ഐ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. കൂടാതെ, ആർ‌ബി‌ഐ സെൻ‌ട്രൽ ഓഫീസ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, ബാങ്ക്, മൊബൈൽ വാലറ്റ്, പേയ്‌മെന്റ് ഗേറ്റ്‌വേ, ഇ-കൊമേഴ്‌സ് സൈറ്റ്, എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്‌ഥരും  യോഗത്തിൽ പങ്കെടുത്തു.