കായികമേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് ആയിരം കോടി: മന്ത്രി ഇ.പി. ജയരാജൻ

സംസ്ഥാന സർക്കാർ കായികമേഖലയിൽ ആയിരം കോടിരൂപയുടെ അടിസ്ഥാനസൗകര്യ വികസനം നടത്തിയതായി വ്യവസായ- യുവജനക്ഷേമ കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നാലാഞ്ചിറ കറ്റച്ചക്കോണം ഗവ. ഹൈസ്കൂൾ സ്റ്റേഡിയത്തിന്റെ പുനർനിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളിൽ നിന്നുള്ള വിമുക്തിക്കും കായിക വിനോദം പ്രധാനമാണ്. അതിനായി സ്കൂൾതലത്തിൽ തന്നെ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം ശാരീരികക്ഷമത വർധിപ്പിക്കാൻ സർക്കാർ മുൻകൈ എടുത്തതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കായികമേഖലയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായതെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഓൺലൈനിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്.
മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ജോൺസൺ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ രാഘേഷ്. ആർ എന്നിവർ പങ്കെടുത്തു.