കിണറ്റിൽവീണു ശരീരം തളർന്നു; കൈത്താങ്ങായി ദുരിതാശ്വാസ നിധിയിൽനിന്നു സഹായം

ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ അരയ്ക്കുതാഴെ തളർന്ന വെൺപകൽ ഭാസ്‌കർനഗർ രാജേഷിന് ദുരിതാശ്വാസ നിധിയിൽനിന്ന് 25,000 രൂപയുടെ ചികിത്സാ ധനസഹായം. നിർമാണ തൊഴിലാളിയായിരുന്ന രാജേഷ് രണ്ടുവർഷം മുൻപു ജോലിസ്ഥലത്തുവച്ച് അബദ്ധത്തിൽ കിണറ്റിലേക്കു വീണാണ് അപകടമുണ്ടായത്.

കിണറ്റിൽ വീണു പരിക്കുപറ്റിയ രാജേഷ് കുമാറിൻ്റെ അടുത്തെത്തി മന്ത്രി വിവരങ്ങൾ അന്വേഷിക്കുന്നു

ശരീരം തളർന്നതിനെത്തുടർന്നു മറ്റു ജോലികൾക്കൊന്നും പോകാൻ കഴിയാതായി. വിധിയോടു മല്ലിട്ടു ജീവിത മാർഗത്തിനായി ലോട്ടറി കച്ചവടം നടത്തുകയാണ് രാജേഷ് ഇപ്പോൾ. ചികിത്സയ്ക്കു മറ്റു ചെലവുകൾക്കുമായി പ്രതിമാസം വലിയ തുക ചെലവു വരുന്നുണ്ട്. വരുമാനമില്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണു കുടുംബം.

വീൽ ചെയറിന്റെ സഹത്തോടെ കുടുംബത്തോടൊപ്പമാണ് സർക്കാരിന്റെ സാന്ത്വന സ്പർശം അദാലത്തിൽ രാജേഷ് എത്തിയത്. മന്ത്രിമാർ വിശദമായി അപേക്ഷ പരിശോധിച്ച് ചികിത്സാ ധനസഹായം അനുവദിക്കുകയായിരുന്നു