കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് പ്രഥമ പരിഗണന; മന്ത്രി എ. കെ. ശശീന്ദ്രൻ

ജീവനക്കാർക്കായുള്ള സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം; ജീവനക്കാരാണ് കെഎസ്ആർടിസിയുടെ നെടുംതൂണുകളിൽ ഒന്നെന്നും , ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണനൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ . ശശീന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കിന്റ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ജീവനക്കാരുടേയും, പെൻഷൻകാരുടേയും താൽപര്യങ്ങൾ സംരക്ഷിച്ചാണ് പ്രവർത്തിച്ചത്. ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ശമ്പള പരിഷ്കണത്തിന് അനുവാദം നൽകിയ സർക്കാർ അതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗം കേൾക്കാനും തയ്യാറായി. പരിഷ്കാരങ്ങൾ എന്നും തൊഴിലാളികൾക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.റ്റി.സിയിൽ വിവിധ ആരോഗ്യ കാരണങ്ങളാൽ ആഴ്ചയിൽ ഒരു ജീവനക്കാരൻ എന്ന നിലയിൽ മരണപ്പെടുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി സിഎംഡി ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാൽ മരണപ്പെട്ടത്.
ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാർക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങൾ വർദ്ധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കൽ ചെക്കപ്പുകൾ നടത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് പറഞ്ഞു.
ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പുറത്തിറക്കിയത്. ഇതേ മാതൃകയിൽ പോലീസിനും രണ്ട് ബസുകൾ ചെയ്ത് നൽകണമെന്ന ആവശ്യവുമായി പോലീസ് ഡിപ്പാർട്ട്മെന്റും സമീപിച്ചതായും സിഎംഡി പറഞ്ഞു. മൊബൈൽ മെഡിക്കൽ യൂണിറ്റിന് വേണ്ടി തയ്യാറാക്കിയ ബസ് പൂർണ്ണമായും പാപ്പനംകോട് സെൻട്രൽ വർക്ക്ഷോപ്പിൽ നിന്നും കെഎസ്ആർടിസി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ ഡിപ്പോയും ജീവനക്കാരും ഉള്ളത്. 24 ഡിപ്പോകളും, പാപ്പനംകോട്ടെ സെൻട്രൽ വർക്ക്ഷോപ്പും കൂട്ടി 25 യൂണിറ്റ് ഉള്ള ഇവിടെ 7000 രത്തോളം ജീവനക്കാരുണ്ട്. ഇവരുടെ മെഡിക്കൽ ചെക്കപ്പിന് വേണ്ടിയാണ് മൊബൈൽ ഹെൽത്ത് ക്ലിനിക്ക് ആരംഭിച്ചത്. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടർ, നേഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരോടൊപ്പം ഒരു പരിശോധന ലാബ് കൂടെ സജ്ജീകരിച്ച് ഓരോ ഡിപ്പോകളിലും എത്തി 30 ഓളം ടെസ്റ്റുകൾ നടത്തും. മറ്റ് ജില്ലകളിൽ ഇത്തരത്തിൽ തന്നെയുള്ള പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.

കെഎസ്ആർടിസി ഡയറക്ടർ ബോർഡ് മെമ്പർ സി.വി. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി സുകുമാരൻ, എച്ച്എൽഎഫ്പിപിടി പ്രോഗ്രാം മാനേജർ കോ ഓർഡിനേറ്റർ വിമൽ രവി, യൂണിയൻ പ്രതിനിധികളായി വി. ശാന്തകുമാർ ( കെഎസ്ആർടിഇഎ, സിഐടിയു), ഡി. അജയകുമാർ(ടിഡിഎഫ്), കെ.എൽ രാജേഷ് ( കെഎസ്ടിഇഎസ് ബിഎംഎസ്), ഡിടിഒ ആർ . രാജീവ് എന്നിവർ പങ്കെടുത്തു.