കെഎസ്ഇബി വസ്തുതകൾ വിശദീകരിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ്

മാധ്യമങ്ങളിൽ അദാനിയുമായി 2021 ഏപ്രിൽ-മെയ് മാസങ്ങളിലേക്ക്കെഎസ്ഇബി വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെട്ടു എന്ന പത്രവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ചുള്ള വസ്തുതകൾ വിശദീകരിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ്

5-11-2020 ലെ കെഎസ്ഇബിയുടെ വൈദ്യുതി അവലോകനമീറ്റിങ്ങിൽ വരുന്ന വേനൽക്കാലത്ത്, അതായത് മാർച്ച് 2021 മുതൽ മെയ് 2021 വരെ പ്രതീക്ഷിക്കുന്ന വർദ്ധിച്ച വൈദ്യുതി ഉപഭോഗം, നിയന്ത്രണങ്ങൾ എർപ്പടുത്താതെ നികത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു. ഇപ്രകാരം ബാങ്കിംഗ് സംവിധാനം വഴി 400 മെഗാവാട്ട് അധിക വൈദ്യുതി അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന് വേനൽക്കാലത്ത് ലഭ്യമാക്കാനും തുടർന്ന് കേരളത്തിൽ വൈദ്യുതി ഉപഭോഗം കുറവുള്ള മഴക്കാലത്ത് അതത് സംസ്ഥാനങ്ങൾക്ക് തിരിച്ചു നൽകാനുമുള്ള ബാങ്കിംഗ് ടെൻഡർ വിളിക്കാനുള്ള തീരുമാനമുണ്ടായി. തുടർന്ന് 10-12-2020 ന് ആർ ടി സി (അതായത് 24 മണിക്കൂറും), കൂടാതെ താരതമ്യേന കൂടുതൽ ഉപഭോഗം പ്രതീക്ഷിക്കുന്ന ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെയും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ബാങ്കിംഗ് ടെൻഡർ ക്ഷണിച്ചു. ഇപ്രകാരം മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലേക്ക്ടെൻഡർ നടപടികൾ സ്വീകരിച്ചെങ്കിലും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 50 മെഗാവാട്ട് ആർടിസി പവറും, ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെ മാർച്ച് മാസത്തിൽ 100 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള ടെൻഡറുകൾ മാത്രമാണ് ലഭിച്ചതു. ഇപ്രകാരം ലഭിച്ച വൈദ്യുതി, കരാറാക്കിയിട്ടുണ്ട്. 16-02-2021 ലെ കെ. എസ്. ഇ. ആര്‍. സി യുടെ ഉത്തരവിൽ വേനൽ കാലത്തേക്ക് ആവശ്യമുള്ള വൈദ്യുതി കണ്ടെത്തുന്നതിനായി, 100 മെഗാവാട്ട് ആർടിസി പവറും, കൂടാതെ 100 മെഗാവാട്ട് വൈദ്യുതി ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെയും, ഏപ്രിൽ-മെയ് മാസങ്ങളിൽ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളുമായി മുന്നോട്ടു പോകുവാൻ കെഎസ്ഇബി യോടു നിർദ്ദേശിച്ചു. ആയതു പ്രകാരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 ലെ സെക്ഷൻ 63 പ്രകാരം കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ഡീപ് പോർട്ടൽ (Discovery of efficient electricity Price portal) എന്ന ഇലൿട്രോക്‌ണിക്‌ ബിഡിങ് പോർട്ടൽ വഴി മത്സരാധിഷ്ഠിത ടെൻഡർ മുഖേന ഹ്രസ്വകാല വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ കെഎസ്ഇബി ക്ഷണിച്ചു. ഇപ്രകാരമുള്ള ഇലൿട്രോക്‌ണിക്‌ ടെൻഡറുകളിൽ വൈദ്യുതി സപ്ലയർമാരുമായി നേരിട്ടുള്ള കൂടിയാലോചന സാധ്യമല്ല. കെഎസ്ഇബി ക്ഷണിച്ച ഹ്രസ്വകാല ടെൻഡർ വിശദാംശങ്ങൾ ഡീപ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ലഭ്യമാണ്. ഇതിനുപുറമേ കെഎസ്ഇബിയുടെ വെബ്സൈറ്റിലും, രണ്ടു പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡീപ് പോർട്ടലിലൂടെ വൈദ്യുതി വാങ്ങുമ്പോൾ രണ്ടുമണിക്കൂർ റിവേഴ്‌സ് ഓക്ഷൻ കഴിഞ്ഞിട്ടാണ് നിരക്കുകളും വിജയികളെയും തീരുമാനിക്കുന്നത്. ഈ ടെൻഡറിൽ 11 ബിഡ്ഡുകൾ ലഭിച്ചിരുന്നു. ഹ്രസ്വകാല ടെൻഡറിലൂടെ കെഎസ്ഇബിക്ക് ഏപ്രിൽ-മെയ് മാസങ്ങളിൽ ലഭിച്ച 100 മെഗാവാട്ട് ആർടിസി പവർ ( 24 മണിക്കൂറും ലഭിക്കുന്ന പവർ) നിരക്ക് ഒരു യൂണിറ്റിന് 3.04 രൂപയാണ്. ഇതിൽ 50 മെഗാവാട്ട് L1 ആയ GMR ട്രേഡിങ്ങ് കമ്പനിക്കും ബാക്കി 50 മെഗാവാട്ട് അദാനിക്കുമാണ് ആണ് ലഭിച്ചത്. അദാനി 100 മെഗാവാട്ട് ക്വാട്ട് ചെയ്തതെങ്കിലും 50 മെഗാവാട്ട് മാത്രമേ L1 നിരക്കിൽ അനുവദിച്ചിട്ടുള്ളു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെയുള്ള വൈദ്യുതി സപ്ലൈ ചെയ്യുന്നതിനുള്ള കരാർ ഒരു യൂണിറ്റിന് 3 രൂപ 40 പൈസ നിരക്കിൽ 50 മെഗാവാട്ട് GMR ട്രേഡിങ്ങ് കമ്പനിക്കും ബാക്കി 50 മെഗാവാട്ട് പി ടി സി ഇന്ത്യ ലിമിറ്റഡിനുമാണ്‌ ലഭിച്ചത്. ഇതേ സമയത്ത് തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്ക് ടെൻഡർ നടപടികളിലൂടെ ലഭിച്ച ആർടിസി പവർ നിരക്ക് 3 രൂപ 27 പൈസ മുതൽ 3 രൂപ 69 പൈസ വരെയാണ്. അതുപോലെ മറ്റ് സംസ്ഥാനങ്ങൾക്കു ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെയുള്ള വൈദ്യുതിയുടെ നിരക്കു 3 രൂപ 99 പൈസ മുതൽ 6രൂപ വരെയാണു. ആയതിനാൽ കേരളത്തിന് ലഭിച്ച നിരക്കുകൾ ന്യായമായും അംഗീകരിക്കാവുന്നതാണ്. ഗവൺമെൻറ് ഓഫ് ഇന്ത്യ യുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത്. ബാങ്കിംഗ് കരാറും ഹ്രസ്വകാല കരാറും മുഖേന ലഭിക്കുന്ന വൈദ്യുതിയിലൂടെ വേനൽകാലത്തുള്ള കേരളത്തിന്റെ വർദ്ധിച്ച വൈദ്യുതി ഉപഭോഗം നിയന്ത്രണങ്ങൾ എർപ്പടുത്താതെ കുറഞ്ഞ ചെലവിൽ നേരിടുവാൻ കെഎസ്ഇബിക്ക് കഴിയുന്നുണ്ട്. ഈ കാലയളവിൽ പവർ എക്സ്ചേഞ്ചിലെ വൈദ്യുതി നിരക്ക് 10 രൂപയോളം ആയതും ശ്രദ്ധേയമായ കാര്യമാണ്.

ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ
കെ എസ് ഇ ബി ലിമിറ്റഡ്