കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് ഡോ എസ്. എസ്. ലാൽ

തിരുവനന്തപുരം;  രാജ്യത്തുള്ള  കോവിഡ് രോഗികളുടെ എണ്ണത്തിൽ 50 % കേരളത്തിൽ ഉണ്ടാകാനുള്ള കാരണം ആരോഗ്യ വിഗദ്ധർ നൽകിയ നിരന്തരമായ മുന്നറിയിപ്പുകൾ  അവഗണിച്ച് കൊണ്ട്  സംസ്ഥാന സർക്കാരിന്റെ അബദ്ധങ്ങളാണെന്ന്  കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ് ലാൽ പറഞ്ഞു.  സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിന് അനുസരിച്ച് നടത്തേണ്ട പരിശോധനയുടെ പകുതി മാത്രമാണ് സർക്കാർ ആദ്യഘട്ടത്തിൽ മുതൽ നടത്തി വന്നത്. അത് കാരണം  സർക്കാർ കേരളത്തെ നാണം കെടുത്തിയെന്നും രാജ്യാന്തര പൊതുജനാരോഗ്യവിദഗ്ധൻ കൂടിയായ ഡോ. എസ്.എസ് ലാൽ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രതികരിക്കുകയായിരുന്നു ഡോ. എസ്.എസ് ലാൽ . കേരളത്തിൽ  ആരോഗ്യ രംഗത്ത് നേട്ടമുണ്ടാക്കാൻ സാധിക്കുന്നത് കേരളത്തിലെ വിവിധ സർക്കാരുടെ ഇടപെൽ കാരണം ആരോഗ്യസംവിധാനം മികച്ചതായത് കൊണ്ടാണ്.   ഇന്ത്യയിലെ തന്നെ കോവിഡ് രോഗികളുടെ എണ്ണത്തിൽ  50% കേരളത്തിൽ നിന്നുള്ളവരായത്  നാണക്കേടാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11% മായിരുന്ന സമയത്ത് 1 ലക്ഷം ടെസ്റ്റാണ് നടത്തേണ്ടിയിരുന്നത്. ആ സമയം  50000 മാത്രമാണ് ചെയ്തത്. ചെയ്ത ടെസ്റ്റിന്റെ 75 %  വിശ്വാസമില്ലാത്ത ആന്റിജൻ ടെസ്റ്റായിരുന്നു. സർക്കാർ നിലപാടാണ് കോവിഡ് പെരുകാൻ കാരണം.

ശബരിമല വിഷയത്തിൽ  എതിർ സ്ഥാനാർത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ  നടത്തിയ  ക്ഷമാപണം കാപട്യമാണ്. ആ വിഷയത്തിൽ കടകംപള്ളി സുരേന്ദ്രനല്ല സർക്കാരും മുഖ്യമന്ത്രിയുമാണ് മാപ്പ് ചോദിക്കേണ്ടതെന്നും ഡോ. എസ്.എസ്. ലാൽ പറഞ്ഞു.  എതിർ സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് വേളയിൽ  പലതും ഒളിക്കാനുണ്ട്. തനിക്കൊന്നും ഒളിക്കാനില്ല. തനിക്ക് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടം പോലെയുള്ള നഗരത്തിൽ  നിരവധി സാധ്യതകളാണ് ഉള്ളത് . അതൊന്നും ഇവിടെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ടൂറിസത്തിന് അനന്തമായ സാധ്യതയുള്ള സ്ഥലമാണ് കഴക്കൂട്ടം.  മുൻജനപ്രതിനിധി ടൂറിസം മന്ത്രിയായിട്ട് പോലും അതിനൊരു മാറ്റം വന്നിട്ടില്ല.  ആക്കുളം  കായൽ മുഴുവൻ പായൽ മൂടിക്കിടക്കുകയാണ് ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, സ്പോർട്സ് , ഐടി എന്നിവയെല്ലാം ചേർത്ത് ആധുനിക ലോകത്തിന് ആവശ്യമായ ഗ്ലോബൽ ഹബ്ബായി മാറ്റുകയാണ് തന്റെ ലക്ഷ്യം.

താൻ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നിട്ടില്ല. 14 വയസിൽ തുടങ്ങിയതാണ് രാഷ്ട്രീയ പ്രവർത്തനം.  എന്നും പാർട്ടിയോടൊപ്പം ആരോഗ്യ രംഗത്തെ കാര്യങ്ങളിലും താൻ ഇടപെട്ടിരുന്നു. അടിസ്ഥാനപരമായി യു‍ഡിഎഫ് മണ്ഡലമാണ് കഴക്കൂട്ടം.  വ്യക്തികളെ ആക്രമിച്ചുള്ള സമീപനം തന്റെ രീതിയല്ല. മണ്ഡലത്തിലെ  പാർട്ടി പ്രവർത്തകർ വളരെയധികം സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസം  പ്രഖ്യാപനം വന്നയുടൻ പ്രവർത്തകർ സജീവമായി.  എല്ലാവരും ഉത്സാഹത്തിലാണ്. എതിർ സ്ഥാനാർത്ഥികൾ  എല്ലാം ഗൗരവമുള്ളവരാണെന്നും,  പക്ഷെ അതൊന്നും തന്റെ  മത്സരത്തെ ബാധിക്കില്ലെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.