കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാൻ ജില്ലാ ഭരണകൂടം; പുതിയ സി.എഫ്.എൽ.ടി.സികൾ തുറക്കും

ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണു നടപടി.

ജില്ലയിൽ കോവിഡ് വ്യാപനതോത് വലിയ അളവിൽ കുറഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും കൂടുതൽ ജാഗ്രതയോടെ പ്രതിരോധ നടപടികൾ തുടരണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഡിസംബർ 10 വരെയുള്ള കണക്കു പ്രകാരം 3,381 ആക്ടീവ് കോവിഡ് രോഗികളാണു ജില്ലയിലുള്ളത്. കഴിഞ്ഞ മാസം ഇതേ സമയത്ത് ആക്ടീവ് രോഗികളുടെ എണ്ണം 7,323 ആയിരുന്നു. ഒരു മാസംകൊണ്ട് ചികിത്സയിലുള്ള രോഗികളുടെ എണ്ണം പകുതിയിൽ താഴെയാക്കാൻ കഴിഞ്ഞത് രോഗ പ്രതിരോധ സംവിധാനങ്ങളുടെ വിജയമാണ്. ഇതേ രീതിയിൽ മുന്നോട്ടുപോയാൽ രോഗവ്യാപനം വലിയ തോതിൽ തടഞ്ഞു നിർത്താൻ കഴിയും.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ കൂടുതലായി സാമൂഹിക ഇടപെടലുകൾ നടത്തിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ഈ സാഹചര്യത്തെ നേരിടാൻ രോഗ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടതുണ്ട്. ഇതു മുൻനിർത്തി ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ (സി.എഫ്.എൽ.ടി.സി) പ്രവർത്തനമടക്കം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കർമ പദ്ധതി തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ 70 ശതമാനത്തോളം ബെഡ്ഡുകൾ നിലവിൽ ഒഴിവുണ്ട്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവർക്കു സർക്കാർ സംവിധാനത്തിൽത്തന്നെ മെച്ചപ്പെട്ട ചികിത്സ നൽകും. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 310 കോവിഡ് ബെഡ്ഡുകളിൽ 187 ബെഡ്ഡുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനറൽ ആശുപത്രി ഡിസംബർ 31 വരെ ഡെസിഗ്‌നേറ്റഡ് കോവിഡ് ആശുപത്രിയായിത്തന്നെ തുടരും. വിദ്യാലയങ്ങളുടെ ഭാഗമായി ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ സെന്ററുകളും മാറ്റി സ്ഥാപിക്കാനും കളക്ടർ നിർദേശം നൽകി.

വെള്ളായണി കാർഷിക കോളജിലെ കേന്ദ്രം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കു മാറ്റും. മുക്കോല റോസ മിസ്റ്റിക്കയിലേത് പുല്ലുവിള സെന്റ് നിക്കോളാസ് കൺവൻഷൻ സെന്ററിലേക്കും പാറശാല ശ്രീകൃഷ്ണ കോളജ് ഓഫ് ഫാർമസിയിലേത് വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിലേക്കും മാറ്റും. സരസ്വതി നഴ്സിങ് കോളജിലെ കേന്ദ്രം നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്കും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിന്റെ മെൻസ് ഹോസ്റ്റലിലും കുളത്തൂർ ഗവൺമെന്റ് ആർട്സ് കോളജിലുമുള്ള കേന്ദ്രങ്ങൾ വെള്ളറട ഫോറസ്റ്റ് കമ്യൂണിറ്റി ഹാളിലേക്കും മാറ്റും. ഞാറനീലി അംബേദ്കർ സ്‌കൂളിലെ കേന്ദ്രത്തിലുള്ള പുരുഷന്മാരുടെ ബെഡ്ഡുകൾ നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിലേക്കും സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്നവ ഗവൺമെന്റ് ആയൂർവേദ കോളജിലേക്കും മാറ്റുമെന്നും കളക്ടർ അറിയിച്ചു.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പുതുതായി 11 സി.എഫ്.എൽ.ടി.സികൾ തുറക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസർക്കു കളക്ടർ നിർദേശം നൽകി. 1,380 ബെഡ്ഡുകൾ സജ്ജമാക്കാത്തക്കവിധമാണ് ഇവ ഒരുക്കുക. കോവിഡ് വ്യാപനം സംബന്ധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.