കോവിഡ് പ്രതിരോധത്തിൽ ഇ-സർട്ടിഫിക്കറ്റ് കോഴ്സിന് ജില്ലയിൽ തുടക്കം

പ്രൊജ്ക്ട് സുരക്ഷ കോഴ്സിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിനു ജില്ലയിൽ തുടക്കമായി. തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ കേരളം പരിശീലന വിഭാഗവുമായി ചേർന്നു നടത്തുന്ന പദ്ധതി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ‘പ്രൊജക്ട് സുരക്ഷ’ എന്ന പേരിലാണ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നത്.

കോവിഡ് – ഇ- സർട്ടിഫിക്കറ്റ് കോഴ്സ് മന്ത്രീ ശ്രീമതി. കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തപ്പോൾ

കോവിഡ് പ്രതിരോധത്തിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുത്. ജനങ്ങൾക്കിടയിൽ ബോധവത്കരണം തുടരേണ്ടതും ആവശ്യമാണ്. ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉദ്യമത്തിലൂടെ സന്നദ്ധ പ്രവർത്തകർക്ക് പൊതുജന ബോധവത്കരണത്തിനുള്ള നേതൃപാടവം ആർജിക്കാൻ കഴിയും. കോവിഡ് പ്രതിരോധത്തിൽ സന്നദ്ധ പ്രവർത്തകർ വലിയ പിന്തുണയാണു സർക്കാരിനു നൽകിയതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സന്നദ്ധ സേനയിലെ വൊളന്റിയർമാർക്കായാണ് ആദ്യ ഘട്ട കോഴ്സ്. രണ്ടാം ഘട്ടത്തിൽ പൊതുജനങ്ങൾക്കും ചേരാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഓൺലൈനായി പഠനം പൂർത്തിയാക്കാനാകും. പരിശീലനം പൂർത്തിയാക്കുന്നവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിന്യസിക്കും.

കോവിഡിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, പകർച്ചവ്യാധി നിയന്ത്രണവും തടയലും, സമൂഹത്തിനു മാനസിക സഹായം നൽകൽ, പൾസ് ഓക്സി മീറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാകും പരീശീലനം നൽകുക. 20 മുതൽ 45 മിനിറ്റ് വരെ ദീർഘ്യമുള്ള എട്ടു സെഷനുകളിലായാണു കോഴ്സ് നടക്കുക.

ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫിസർ കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.