ജനക്ഷേമ പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്

ഉത്പാദന, സേവന മേഖലകൾക്കു മുൻതൂക്കം
കോവിഡ് മഹാമാരി മൂലം തകർച്ച നേരിട്ട മേഖലകളെ പൂർവസ്ഥിതിയിലാക്കാൻ ഉതകുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. ഉത്പാദന, സേവന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ 716.36 കോടി രൂപയുടെ വരവും 699.13 കോടി ചെലവും 17.23 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം പറഞ്ഞു.
മുൻ വർഷങ്ങളിലേതു പോലെ ഇത്തവണത്തയും ജെൻഡർ ബജറ്റാണ് അവതരിപ്പിച്ചതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറഞ്ഞു. സ്ത്രീ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടും, ഭിന്നശേഷിക്കാർ- മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർ എന്നിവർക്കും പ്രത്യേക പരിഗണന നൽകിയുമാണു ബജറ്റ് തയാറാക്കിയിരിക്കുന്നത്. 
മതിയായ സംരക്ഷണവും പുനരധിവാസവും ലഭിക്കാൻ സാധ്യതയില്ലാത്ത  മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കണ്ടെത്തി  സംരക്ഷിക്കുന്ന പദ്ധതി ഈ വർഷം നടപ്പിലാക്കും. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ  മാനസിക വെല്ലുവിളികൾ നേരിടുന്ന വനിതകളെ കൊറ്റാമം കെയർ സെന്ററിലും, പുരുഷന്മാരെ പെരിങ്ങമലയിലുള്ള ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പുനരധിവസിപ്പിക്കും. 75 ലക്ഷം രൂപ പദ്ധതിയ്ക്കായി വകയിരുത്തി. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന ‘സ്‌നേഹസ്പർശം’ പദ്ധതിക്ക് 2.25 കോടി രൂപ വകയിരുത്തി.  
വെള്ളായണി കായൽ സംരക്ഷണം ഇവിടുത്തെ ടൂറിസം വികസനം എന്നവയ്ക്കായി 50 ലക്ഷം രൂപ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. ‘സുശാന്തി’ എന്ന പേരിൽ വനിതകൾക്കായുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി. തീരദേശ- മലയോര പ്രദേശങ്ങളിലെ വനിതകൾക്കുള്ള ദുരന്തനിവാരണ പരിശീലനത്തിനുള്ള ‘നിവാരണ’ പദ്ധതിക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയത്.
മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ആധുനിക രീതിയിലുള്ള ഫ്രീസർ അടക്കമുള്ള ലൈവ് ഫിഷ് സ്റ്റാൾ, ആര്യ പള്ളമെന്ന പേരിൽ ആരംഭിക്കുന്ന വനിതാ സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ, ബാല്യ-കൗമാര കാലങ്ങളിലെ മികവാർന്ന കായിക പ്രകടനം കാഴ്ചവച്ച പെൺകുട്ടികളുടെ കായിക ശേഷി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയായ ‘സുശക്ത’ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്നതിനായി സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്ന പദ്ധതി, എസ്.സി വനിതകൾക്കായുള്ള ഷീ ഓട്ടോ പദ്ധതി തുടങ്ങിയവ ഈ വർഷം നടപ്പിലാക്കും.  സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് ആവശ്യമായ സുരക്ഷിതത്വവും വിശ്രമവും ഒരുക്കുന്ന ഗേൾസ് അമിനിറ്റി സെന്റർ ‘മാനസ’ എന്ന പദ്ധതി അടുത്ത സാമ്പത്തിക വർഷവും തുടരും.
കാർഷിക – മൃഗസംരക്ഷണ മേഖലയ്ക്കായും നിരവധി പദ്ധതികൾ ബജറ്റിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചെറ്റച്ചൽ, വിതുര, പാറശാല എന്നിവിടങ്ങളിലെ വികസനമാണ് ഏറ്റവും പ്രധാനമായി ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിതുര ഫാമിൽ വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 100 പശുക്കളെ കൂടി അധികമായി ഉൾപ്പെടുത്തി പരിപാലിക്കുന്ന ആധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കും ഇതിനായി 1.68 കോടി രൂപയും, മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ 1.5 കോടി രൂപയും  വകയിരുത്തിയിട്ടുണ്ട്. ചെറ്റച്ചൽ  ജഴ്‌സി ഫാം വികസനത്തിനായി 1.24 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലും പൊതു സ്ഥലത്തും ജനപ്രതിനിധികളുടെ നിയന്ത്രണത്തിൽ സമ്മിശ്ര കൃഷിയിടം പദ്ധതി ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപയാണു വകയിരുത്തി. സമഗ്ര നെൽകൃഷി വികസനത്തിനായി 1.5 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. വെഞ്ഞാറമ്മൂട് കെയർ ഹോമിൽ മോഡേൺ കൃഷി നഴ്‌സറി, പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം, വീട്ടുവളപ്പിലെ മത്സ്യ കൃഷി തുടങ്ങിയ പദ്ധതികൾക്ക് 10 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. വിശപ്പു രഹിത ജില്ലയെന്ന ലക്ഷ്യത്തോടെയുള്ള   പാഥേയം പദ്ധതിക്ക് 8.2 കോടി രൂപ് വകയിരുത്തി. ഡയാലിസിസ് രോഗികൾക്കു ധനസഹായം നൽകുന്ന ആശ്വാസ് പദ്ധതിക്കായി 1.5 കോടി രൂപയും വച്ചിട്ടുണ്ട്.
പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി 1.2 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. കൂടാതെ പഠനമുറി ഒരുക്കാൻ മാത്രമായി 2.9കോടി രൂപയും നീക്കിവെക്കും. എല്ലാവർക്കും പാർപ്പിടം എന്ന  ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതിക്ക് 14.8 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. പാർപ്പിടം പോലെ ആരോഗ്യമേഖലയുടെ വികസനത്തിനും വിവിധങ്ങളായ പദ്ധതികളാണ് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിനായി 1.6 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അതുപോലെ വർക്കല ജില്ലാ ആയുർവേദ ആശുപത്രിയുടെ വികസനത്തിനായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
മുൻവർഷങ്ങളിലെതുപോലെ വിദ്യാഭ്യാസ മേഖലയിൽ സവിശേഷ ശ്രദ്ധയാണ് ഈ ബജറ്റും നൽകുന്നത്. പ്രത്യേകം തെരഞ്ഞെടുത്ത കുട്ടികൾക്ക് സ്‌കൂൾ സമയം കഴിഞ്ഞ് പാഠ്യ  വിഷയങ്ങളിൽ പരിശീലനം നൽകി അവരെ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്ന പദ്ധതിയായ ‘വിദ്യാജ്യോതി’, ആദിവാസി ഊരുകളിൽ കുട്ടികളുടെ  അധ്യായന നിലവാരം മെച്ചപ്പെടുത്തുന്നതിന് ‘വനജ്യോതി’ എന്നിവയും ഈ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിവിധ സ്‌കൂളുകളുടെ  പഠനവും മറ്റ് അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി 80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.