ജില്ലയിൽ 154 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നൽകും : ജില്ലാ കളക്ടർ

ജില്ലയിൽ 100 സർക്കാർ കേന്ദ്രങ്ങളിലും 54 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. നവജോത് ഖോസ. ജില്ലയിലെ വൃദ്ധസദനങ്ങളിൽ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൊബൈൽ യൂണിറ്റുകൾ സജ്ജീകരിച്ച് വാക്സിനേഷൻ നടത്തിവരുന്നുണ്ട്.
ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേർക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 150 പേർക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 100 പേർക്കും കുത്തിവയ്പ് നൽകും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കും വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

45 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർ അംഗീകൃത മെഡിക്കൽ പ്രാക്റ്റീഷണർ നൽകിയ
അനെക്സർ 1( ബി ) സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിൻ അപ്ലിക്കേഷനിൽ നിന്ന് ഡൌൺലോഡ് ചെയ്തും ഉപയോഗിക്കാം.

വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ഓൺലൈനായി മേജർ ആശുപത്രികൾ തിരഞ്ഞെടുത്തവർക്ക് സമീപത്തുള്ള മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും സ്പോട്ട് രജിസ്ട്രേഷൻ വഴി കുത്തിവയ്‌പ്പ് സ്വീകരിക്കാനാകും. സ്വകാര്യ ആശുപത്രിയിൽ 250 രൂപ ഫീസ് നൽകണം.