ടൈറ്റാനിയത്തിലെ എണ്ണച്ചോർച്ച: വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നു കളക്ടർ

ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽനിന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിനു ശേഷം തിരുവനന്തപുരം ജില്ലയുടെ തീരത്തുനിന്നു ലഭിക്കുന്ന മത്സ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇത്തരം യാതൊരു റിപ്പോർട്ടും ലഭിച്ചിട്ടില്ല. എണ്ണ കലർന്ന ഭാഗത്തുനിന്നു ലഭിച്ച മത്സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദമായ പരിശോധന നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

എണ്ണ ഒഴുകിയത് പ്രദേശത്തു ചില പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതു മുൻനിർത്തിയാണ് എണ്ണ കലർന്ന മേഖലയിൽ മാത്രം താത്കാലികമായി മത്സ്യബന്ധനത്തിനു പോകരുതെന്നു നിർദേശിച്ചത്. മത്സ്യബന്ധന യാനങ്ങളിലും വല അടക്കമുള്ള ഉപകരണങ്ങളിലും എണ്ണ കലരാൻ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ മുൻകരുതൽ നിർദേശം നൽകിയത്. കടലിൽ മറ്റു ഭാഗങ്ങളിലേക്ക് എണ്ണ വ്യാപിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. എണ്ണച്ചോർച്ചയുണ്ടായ ഭാഗത്തു കടലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നുവെന്ന പ്രചാരണം തീർത്തും അടിസ്ഥാനമില്ലാത്തതാണെന്നു മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.