ഡിഫറന്റ് ആര്‍ട് സെന്റര്‍: അസസ്‌മെന്റ് റിപ്പോര്‍ട്ട് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി

ഭിന്നശേഷി കുട്ടികളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ (ഡി.എ.സി) ഭിന്നശേഷിക്കുട്ടികളില്‍ സര്‍ക്കാര്‍ എജന്‍സികളായ ഐക്കണ്‍സ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവര്‍ നടത്തിയ അസസ്‌മെന്റ് റിപ്പോര്‍ട്ട് കെ. ഡിസ്‌ക് ചെയര്‍മാന്‍ കെ.എം എബ്രഹാം ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃകയാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിരന്തര പരിശ്രമം നടത്തിയാല്‍ ഭിന്നശേഷി കുട്ടികളില്‍ വലിയ മാറ്റം വരുത്തുമെന്നതിന് ഉദാഹരണമാണ് ഈ സെന്റര്‍. ഭിന്നശേഷി മേഖലയില്‍ ലോകത്തിലാദ്യമായി അപൂര്‍വ നേട്ടമാണ് സെന്റര്‍ കൈവരിച്ചിരിക്കുന്നത്. കുട്ടികളുടെ ബൗദ്ധിക മാനസിക ആരോഗ്യ നിലകളില്‍ അത്ഭുതകരമായ മാറ്റമാണുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ.ക്യു, ഐ.ക്യു, സൈക്കോ മോട്ടോര്‍ തലം, സ്വഭാവവൈകല്യം എന്നിവയിലടക്കം കാര്യമായ മാറ്റങ്ങളുണ്ടാക്കി ജീവിത നൈപുണി മെച്ചപ്പെടുത്തുവാന്‍ ഇവര്‍ക്കായെന്നും ഗ്രോസ് ആന്റ് ഫൈന്‍ മോട്ടോര്‍ സ്‌കില്ലും പരിശീലനത്തിലൂടെ വര്‍ദ്ധിച്ചതായും ഐക്കണ്‍സ്, സി.ഡി.സി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന പദ്ധതി ഭിന്നശേഷി മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലോകത്തിന് മുന്നില്‍ മാതൃകയായി സമര്‍പ്പിക്കുവാനും എവിടെയും നടപ്പിലാക്കുവാനുമുള്ള ഉദാഹരണമായി ഈ സെന്റര്‍ മാറുന്നുവെന്നും സാമൂഹ്യനീതി വകുപ്പിനും മാജിക് അക്കാദമിക്കും ഒരുപോലെ അഭിമാനിക്കാനാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കലാവതരണത്തിലൂടെയുള്ള ഊര്‍ജവും കാണികളുടെ പ്രോത്സാഹനത്തിലൂടെ ലഭിക്കുന്ന ആവേശവും ഇത്തരം കുട്ടികളിലെ സമഗ്രവികസനത്തിന് ഹേതുവാകുന്നുവെന്ന് കണ്ടെത്തുന്നത് ലോകത്തിലിതാദ്യമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന 100 ഭിന്നശേഷിക്കുട്ടികളെ ഉള്‍പ്പെടുത്തി 2019 ഒക്‌ടോബറിലാണ് പദ്ധതിക്ക് തുടക്കമായത്. തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ എജന്‍സികളായ ഐക്കോണ്‍സ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് പ്രീ അസസ്‌മെന്റ് നടത്തുകയും ചെയ്തിരുന്നു. ഈ കുട്ടികള്‍ ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, ഉപകരണ സംഗീതം, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖകളില്‍ പരിശീലനം നേടുകയും അത് മാജിക് പ്ലാനറ്റ് സന്ദര്‍ശനത്തിനെത്തുന്ന കാണികളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊവിഡ് വന്നുചേരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 10 മുതല്‍ സെന്റര്‍ അടച്ചിട്ടുവെങ്കിലും ഓണ്‍ലൈനായി ഈ കുട്ടികള്‍ക്ക് പരിശീലനം തുടര്‍ന്നുവന്നിരുന്നു. 2021 നവംബര്‍ മുതല്‍ വീണ്ടും സെന്റര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുതുടങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സര്‍ക്കാര്‍ ഏജന്‍സികള്‍ കുട്ടികളുടെ പുരോഗതി വിലയിരുത്തുവാനായി അസസ്‌മെന്റ് നടത്തുകയും ചെയ്തു.

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കിയ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡേഴ്‌സില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കുട്ടികളെ ഉള്‍പ്പെടുത്തി മാജിക് പ്ലാനറ്റില്‍ എം പവര്‍ സെന്റര്‍ എന്ന പേരില്‍ സ്ഥിരം ഇന്ദ്രജാല അവതരണ വേദി ആരംഭിച്ചിരുന്നു. സെന്ററിലെ കുട്ടികളില്‍ കേരള സര്‍ക്കാരിന്റെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്ദ്രജാലാവതരണത്തിലൂടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ മാറ്റങ്ങളുണ്ടായെന്ന് ഡോക്ടര്‍മാരുടെ പാനല്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 100 ഭിന്നശേഷിക്കുട്ടികളെ തിരഞ്ഞെടുക്കുവാനും അവര്‍ക്ക് ഇത്തരത്തില്‍ മാറ്റമുണ്ടാക്കുവാനുമായി ഡി.എ.സി ആരംഭിച്ചത്.