തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുഗമമായി നടത്താന്‍ സഹായിച്ച എല്ലാവരെയും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളില്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ച റവന്യു, പൊലീസ്, പഞ്ചായത്ത് ഉള്‍പ്പടെയുള്ള വകുപ്പുകളിലെ ജീവനക്കാരെയും കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ തുടങ്ങിയവര്‍ക്കും കളക്ടര്‍ നന്ദി പറഞ്ഞു. കോവിഡ് മഹാമാരിയെ പ്രതിരോധിച്ച് ജനാധിപത്യ പ്രക്രിയയുടെ പൂര്‍ണത കൈവരിക്കാന്‍ സഹായിച്ച പ്രബുദ്ധരായ വോട്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ അഭിനന്ദനം അറിയിച്ചു.
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ച് ഇപ്പോള്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി ചുമതലയേറ്റ ജോണ്‍ വി. സാമുവല്‍, എ.ഡി.എം ആയി പ്രവര്‍ത്തിക്കുകയും ഇന്ന് (2021 ജനുവരി 1) ഗ്രാമവികസന കമ്മീഷണറായി ചുമതലയേല്‍ക്കുകയും ചെയ്യുന്ന വി.ആര്‍ വിനോദ് എന്നിവര്‍ക്ക് ചടങ്ങില്‍ കളക്ടര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജില്ലാ പോലീസ് മേധാവി ബി. അശോകന്‍, സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.