തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം അനിവാര്യം; കളക്ടര്‍

നിമയസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സ്വീപിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. കന്നിവോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പ്രാധാന്യം ഉള്‍ക്കൊണ്ടു വേണം പോളിംഗ് ബൂത്തുകളിലെത്താന്‍. ഇന്നത്തെ വോട്ട് നാളെയുടെ ഭാവിയാണെന്ന് മറക്കരുത്. കന്നിവോട്ടര്‍മാര്‍ തങ്ങള്‍ക്കു ലഭിച്ച വോട്ടേഴ്സ് ഐ.ഡി കാര്‍ഡിന്റെ ശക്തി കാണിക്കേണ്ട സമയമാണിതെന്നും കളക്ടര്‍ പറഞ്ഞു.

കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തശേഷം കളക്ടർ ഒപ്പു വയ്ക്കുന്നു

സ്വീപ്, ജില്ലാ ഭരണകൂടം, ഗവ. വിമന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഒപ്പുശേഖരണം നടക്കുന്നത്. വിവിധ കോളേജുകളില്‍ നിന്നുള്ള ക്യാംപസ് അംബാസിഡര്‍മാരാണ് അടുത്ത ഒരാഴ്ചത്തേക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ കന്നി വോട്ടര്‍മാര്‍ക്കായി ഒപ്പുശേഖരണം നടത്തുന്നത്. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള കന്നി വോട്ടര്‍മാര്‍ വരും ദിവസങ്ങളില്‍ ഇവിടെയെത്തി നിയമസഭാ തെരഞ്ഞെടുപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പു രേഖപ്പെടുത്തും.

കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഉദ്ഘാടന ശേഷം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ സുശീല്‍ ശര്‍വണ്‍ സംസാരിക്കുന്നു

ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ സുശീല്‍ ശര്‍വണ്‍, സ്വീപ് ഉദ്യോഗസ്ഥര്‍, വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു.

ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള കന്നി വോട്ടര്‍മാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പു രേഖപ്പെടുത്തുന്നു